പാലായില്‍ വികസനമുരടിപ്പാണെന്ന് വരുത്തി തീർക്കുന്നത് ജോസ് കെ. മാണി വിഭാ​ഗമെന്ന് കാപ്പൻ, വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് മുടക്കുന്നു എന്ന് പ്രചരിപ്പിച്ച്‌ എംഎല്‍എ തലയൂരുകയാണെന്ന് ജോസ് കെ മാണി; പാലായിൽ വികസനത്തെ ചൊല്ലി മാണി സി. കാപ്പൻ വിഭാ​ഗവും കേരള കോണ്‍ഗ്രസ്-എമ്മും തമ്മിൽ പോര് മുറുകുന്നു

പാലാ: പാലായുടെ വികസനം സംബന്ധിച്ചു മാണി സി. കാപ്പൻ എംഎല്‍എയും കേരള കോണ്‍ഗ്രസ്-എമ്മും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പാലായുടെ വികസനത്തിനായി ആരാണ് ശ്രമിക്കുന്നത്, ആരാണ് ‍‍യഥാർഥ അവകാശി എന്ന ചോദ്യമാണ് പാലായില്‍ രണ്ടുവിഭാ​ഗവും ഉയർത്തുന്ന ചോദ്യം.

രാഷ്‌ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്നാണ് മാണി സി. കാപ്പന്‍ എംഎല്‍എയുടെ പരാതി. എന്നാല്‍, പാലായില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കുന്നുവെന്നു പ്രചരിപ്പിച്ചു ചുമതലയില്‍നിന്നു മാണി സി. കാപ്പന്‍ എംഎല്‍എ തലയൂരുകയാണെന്നു കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം നേതൃയോഗം ആരോപിക്കുന്നത്.

തമ്മില്‍ത്തല്ലി പാലായുടെ വികസനം നശിപ്പിക്കരുതെന്നു വാദിക്കുന്നവരും ഈ വികസനചർച്ചയില്‍ നിറഞ്ഞുനില്‍ക്കുന്നു. ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

രാഷ്‌ട്രീയവിരോധം മൂലം പാലായുടെ വികസനം കേരള കോണ്‍ഗ്രസ്-എമ്മിലെ ചിലര്‍ തടസപ്പെടുത്തുന്നുവെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കെ.എം. മാണിയുടെ കാലശേഷം പാലായില്‍ വികസനമുരടിപ്പാണെന്നും എഎല്‍എയാണ് ഇതിന് ഉത്തരവാദിയെന്ന് വരുത്തിത്തിര്‍ക്കാനുള്ള കുല്‍സിത ശ്രമം നടക്കുന്നത്. ജോസ് കെ. മാണിയും അദ്ദേഹത്തിന്‍റെ അടുപ്പക്കാരുമാണ് ഇതിന് പിന്നില്‍.

പാലാ ബൈപാസിന്‍റെ കുപ്പിക്കഴുത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞു. ബൈപാസ് പൂര്‍ത്തീകരണത്തിനായി അരുണാപുരത്ത് കെട്ടിടം ഏറ്റെടുക്കുന്നതിനായി 1.40 കോടി രൂപ അനുവദിച്ചിരിക്കുന്നതിനാല്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ കഴിയും.

കെ.എം. മാണിയുടെ കാലത്ത് പണിത കളരിയാമാക്കല്‍ കടവ് പാലത്തിന് അപ്രോച്ച്‌ റോഡ് നിര്‍മിക്കാന്‍ റിംഗ് റോഡിന് മിച്ചം വന്ന 13.29 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.

സമീപവാസി സ്ഥലം വിട്ടു നല്‍കാന്‍ തയാറാണെങ്കിലും അലൈമെന്‍റ് മാറ്റരുതെന്നാണ് ചിലര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

റിവര്‍വ്യൂ റോഡ് നിര്‍മാണം, ജനറല്‍ ആശുപത്രി, കെഎസ്‌ആര്‍ടിസി ഷോപ്പിംഗ് കോംപ്ലക്‌സ് എന്നിവയുടെ കാര്യത്തിലും അനാവശ്യ ഇടപെടല്‍ നടത്തിയിട്ട് എംഎല്‍എയെ കുറ്റപ്പെടുത്തുകയാണ്. അരുണാപുരം റഗുലേറ്റര്‍ കം ബ്രിഡ്ജ് കേരള കോണ്‍ഗ്രസ്-എമ്മിന് സ്വന്തമായി മന്ത്രിയുണ്ടായിട്ടും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. നാലു വര്‍ഷത്തിനുള്ളില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ 12 കോടി രൂപയുടെ വികസനം നടപ്പാക്കാന്‍ കഴിഞ്ഞുവെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലായില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് മുടക്കുന്നു എന്ന് പ്രചരിപ്പിച്ച്‌ ചുമതലയില്‍നിന്നു മാണി സി. കാപ്പന്‍ എംഎല്‍എ തലയൂരുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. എംഎല്‍എയെ പാലയുടെ വികസന വിഷയങ്ങളില്‍ പരസ്യ സംവാദത്തിനു വെല്ലുവിളിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം പാലാ നിയോജക മണ്ഡലം പ്രസിഡന്‍റ് ടോബിന്‍ കെ. അലക്‌സ് പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതലകള്‍ അദ്ദേഹം വിസ്മരിച്ചിരിക്കുന്നു. കേസുകളില്‍ പ്രതിയായി വിവിധ കോടതികളില്‍ വിചാരണ നേരിടുന്നുണ്ട്. പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചാല്‍ പദ്ധതികള്‍ ഒന്നും നടക്കില്ലെന്നും അതിന് കഠിന പരിശ്രമം വേണമെന്നും നേതൃസമ്മേളനം പ്രസ്താവിച്ചു.

പാലായുടെ മുന്‍ എംഎല്‍എ കെ.എം. മാണി അനുവദിച്ച്‌ ഭരണാനുമതി നേടിയ ചില പദ്ധതികള്‍ പൂര്‍ത്തിയായപ്പോള്‍ അതെല്ലാം തന്‍റെ നേട്ടമാണെന്നു വരുത്തിത്തീര്‍ക്കാന്‍ എംഎല്‍എ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും. പാലാ റിംഗ് റോഡും നീലൂര്‍ കുടിവെള്ള പദ്ധതിയും മീനച്ചില്‍ റിവര്‍വാലി പ്രോജക്‌ടുമെല്ലാം അപ്രയോഗികമാണെന്ന് പറയുന്ന എംഎല്‍എ ഈ പദ്ധതികള്‍ തന്‍റെ നിയോജക മണ്ഡലത്തില്‍ വേണ്ടെന്ന് എഴുതി നല്‍കാന്‍ തയാറാകുമോയെന്നും അവര്‍ ചോദിച്ചു.

നാലു പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ കളരിയാംമാക്കല്‍ ചെക്ക്ഡാം പ്രയോജനപ്പെടുത്തിയാണ് നടക്കുന്നത്. നഗര വികസനം മുന്നില്‍ കണ്ടാണ് ചെക്ക്ഡാമിനോടൊപ്പം പാലവും വിഭാവനം ചെയ്തത്. പാലാ റിംഗ് റോഡ് പദ്ധതിയില്‍ അപ്രാച്ച്‌ റോഡിന് പണവും വര്‍ഷങ്ങള്‍ക്ക് മുന്നേ ലഭ്യമാക്കിയിട്ടുണ്ട്. ഇവിടെ അലൈന്‍മെന്‍റ് മാറ്റാന്‍ എംഎല്‍എ തന്നെയാണ് അധികൃതര്‍ക്ക് കത്ത് നല്‍കിയത്.

പാലായിലെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് സമുച്ചയവും കെ.എം. മാണി ജനറല്‍ ആശുപത്രിയുമൊക്കെ പ്രവര്‍ത്തന സജ്ജമാക്കിയത് താനാണെന്ന എം എല്‍എയുടെ വാദം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്നും നേതൃയോഗം പ്രസ്താവിച്ചു.

എംഎല്‍എ എന്ന നിലയില്‍ മറ്റു ജനപ്രതിനിധികളുമായി സഹകരിച്ച്‌ മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും നേതൃയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രഫ. ലോപ്പസ് മാത്യു, ജോസ് ടോം, ബേബി ഉഴുത്തുവാല്‍ എന്നിവര്‍ പ്രസംഗിച്ചു