കുമരകം കോട്ടയം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം വേണം; കുമരകം റോഡിന്റെ സമാന്തര പാതയായ റോഡിന്റെ നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യം ശക്തം

ആർപ്പൂക്കര: ചീപ്പുങ്കൽ – മണിയാപറമ്പ് – മെഡിക്കൽ കോളേജ് റോഡിന്റെ നിർമാണം പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തം.

എറണാകുളം, ആലപ്പുഴ, ചേർത്തല, വൈക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കോട്ടയത്തേക്കും, മെഡിക്കൽ കോളജിലേക്കുമുള്ള എളുപ്പവഴിയാണിത്. കുമരകം റോഡിന്റെ സമാന്തര പാതയായ റോഡിന്റെ നിർമാണം പൂർത്തിയായാൽ കുമരകം കോട്ടയം റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

ഇപ്പോൾ മെഡിക്കൽ കോളേജ്, കാരിത്താസ് ആശുപത്രികളിലേക്ക് രോഗികളുമായി എത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ടി വരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ ബജറ്റിലൂടെ അനുവദിച്ച 43 കോടി ഉപയോഗിച്ച് കലുങ്കുകളും പാലങ്ങളും റോഡും നിർമിച്ചെങ്കിലും സംരക്ഷണ ഭിത്തിയും, ടാറിങ്ങും പൂർത്തീകരിച്ചിട്ടില്ല.

കഴിഞ്ഞവർഷത്തെ സംസ്ഥാന ബജറ്റിൽ ടാറിങ്ങിന് 5.5 കോടി രൂപ ഉൾപ്പെടുത്തിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായില്ല. റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പൊടി ശല്യം രൂക്ഷമായതോടെ പരിസരവാസികളും കർഷകരും ദുരിതത്തിലാണ്. വിവിധ പാട ശേഖരങ്ങളിൽ കൊയ്ത്ത് മെതിയന്ത്രങ്ങൾ, നെല്ല് സംഭരിക്കുന്നതിനു വാഹനങ്ങൾ എന്നിവ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി കർഷകർ പറഞ്ഞു.

റോഡ് പൂർത്തീകരിച്ചാൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ തീർത്ഥാടന, ടൂറിസം കേന്ദ്രങ്ങളിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരുവാൻ കഴിയുമെന്നത് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്ന് വിദഗ്ധർ പറഞ്ഞു. ദേശീയപാത –183 ഉം സംസ്ഥാന ഹൈവേ –08 മായി ബന്ധിപ്പിച്ച് തീരദേശ – മലയോര ഹൈവേ ഏറ്റവും കുറഞ്ഞ ദൂരത്തിൽ (55 കി.മീ.) യാഥാർത്ഥ്യമാക്കാൻ സാധിക്കും.