കോട്ടയം: യാത്രക്കാർക്ക് മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ നവീകരണത്തിന് ഒരുങ്ങി കെഎസ്‌ആർടിസി.
പണരഹിതവും കടലാസ് രഹിതവുമാക്കി യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം അധികൃതര്‍ തേടുന്നത്. പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) പോലുള്ള പദ്ധതികളും വരും മാസങ്ങളില്‍ കോര്‍പ്പറേഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒരു ലക്ഷം റീചാർജ് ചെയ്യാവുന്ന യാത്രാ കാർഡുകള്‍ കോര്‍പ്പറേഷന്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കും. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. യാത്രാ കാർഡുകളുടെ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് തിരുവനന്തപുരം, കൊല്ലം ഡിപ്പോകളിലെ ബസുകളില്‍ അവ ഉപയോഗിക്കാം. 100 രൂപയാണ് ട്രാവല്‍ കാർഡിന്റെ നിരക്ക്. 50 രൂപ മുതല്‍ 2,000 രൂപ വരെ ഇതില്‍ റീചാർജ് ചെയ്യാം.
ടച്ച്‌സ്‌ക്രീനുകള്‍, വയർലെസ് കമ്മ്യൂണിക്കേഷൻ, വേഗത്തിലുള്ള പ്രോസസ്സിംഗ് സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള്‍ (ETM) കോര്‍പ്പറേഷന്‍ ഇതിനകം രണ്ട് ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. യാത്രാ കാർഡുകള്‍ റീചാർജ് ചെയ്യുന്നതിന് ETM ഉപയോഗിക്കാവുന്നതാണ്. ഇ.ടി.എമ്മുകളില്‍ കാർഡ് സ്വൈപ്പ് ചെയ്‌താല്‍ നിരക്കുകള്‍ ഡെബിറ്റ് ചെയ്യപ്പെടും.
ETM സംവിധാനം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തുടനീളം യാത്രാ കാര്‍ഡ് പ്രാബല്യത്തില്‍ കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നത്. ട്രാവല്‍ കാർഡിലെ നമ്പർ നല്‍കിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ഉപയോക്താക്കള്‍ക്ക് ഇടിഎമ്മുകളില്‍ നിന്ന് അവരുടെ ബാലൻസ് പരിശോധിക്കാം. ടിക്കറ്റെടുക്കാനുള്ള ചില്ലറ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഏറെ സഹായകരമാകും ട്രാവല്‍ കാര്‍ഡുകള്‍ എന്നാണ് കരുതുന്നത്.
ബസുകള്‍ എവിടെയെത്തി, ബസ് ഷെഡ്യൂളുകള്‍, ബസുകളുടെ കാലതാമസം, യാത്ര ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന മറ്റ് പ്രസക്തമായ വിശദാംശങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊളളുന്ന തത്സമയ വിവരങ്ങള്‍ നല്‍കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം (PIS) അടുത്ത് തന്നെ കോര്‍പ്പേറേഷന്‍ അവതരിപ്പിക്കും. യാത്രക്കാർക്ക് ബസുകളെ തത്സമയം ട്രാക്ക് ചെയ്യാനായി മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
എല്ലാ പ്രധാന ബസ് സ്റ്റേഷനുകളിലും പിഐഎസ് സ്ക്രീനുകള്‍ സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയൻ കെ.എസ്.ആര്‍.ടി.സി ഡിജിറ്റലൈസേഷൻ ഡ്രൈവ് പ്രഖ്യാപിക്കുന്നതാണ്. ഇതിനു ശേഷം പിഐഎസ് പദ്ധതി നടപ്പാക്കാനുളള ശ്രമങ്ങളിലാണ് അധികൃതര്‍.
