കോട്ടയത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; നിര്‍മാണത്തിലിരുന്ന വീട് ഇടിഞ്ഞു വീണു തൊഴിലാളിക്ക് പരിക്കേറ്റു; എംസി റോഡില്‍ പെരുന്ന, നാട്ടകം, വെമ്പള്ളി ഭാഗങ്ങളില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും മരം വീണു ഗതാഗതം തടസപ്പെട്ടു.

മണര്‍കാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ പാരപെറ്റ് ഇടിഞ്ഞുവീണു തൊഴിലാളിക്കു പരുക്ക്.
കുറിച്ചിയില്‍ തെങ്ങു വീണു വീടു തകര്‍ന്നു.

ഇന്നു രാവിലെ 9.30ന് മണര്‍കാട് തോട്ടത്തില്‍പ്പടി മണ്ണൂര്‍ വീട്ടില്‍ രതീഷിന്റെ നിര്‍മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷെയ്ഡാണു തകര്‍ന്നു വീണത്. അപകടത്തില്‍ നിര്‍മാണ തൊഴിലാളി സുനിലിനു പരുക്കേറ്റു.

മൂന്നു ദിവസം മുന്‍പാണു സണ്‍ഷെയ്ഡിന്റെ വാര്‍ക്ക കഴിഞ്ഞത്. സണ്‍ഷെയ്ഡിന്റെ ഭാഗം നിലയിട്ടു തേയ്ക്കുന്നതിനിടെ, സുനില്‍ നിന്നിരുന്ന ഷെയ്ഡിന്റെ ഭാഗം തകര്‍ന്നു വീഴുകയായിരുന്നു. നിലയില്‍ തങ്ങിനിന്ന സണ്‍ഷെയ്ഡില്‍ സുനിലിന്റെ കാല്‍ കുടുങ്ങി.

വിവരമറിഞ്ഞു കോട്ടയം അഗ്‌നിശമനസേന സ്ഥലത്തെത്തി. തുടര്‍ന്നു ക്രെയിന്‍ ഉപയോഗിച്ചു സണ്‍ഷെയ്ഡ് ഉയര്‍ത്തിയാണു സുനിലിനെ പുറത്തെടുത്തത്. കാലിനു പരുക്കേറ്റ സുനിലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ ശക്താമയ കാറ്റില്‍ കുറിച്ചി പഞ്ചായത്തിലെ മലകുന്നം കല്ലുകടവ് മഠത്തിപ്പറമ്ബില്‍ സുമേഷിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു വീട് ഭാഗീകമായി തകര്‍ന്നു. സംഭവ സമയം സുമേഷിന്റെ മാതാവ് സുജാതയും, ഭാര്യ ഷംജയും വീട്ടില്‍ ഉണ്ടായിരുന്നു എങ്കിലും രണ്ടു പേര്‍ക്കും അപകടം സംഭവിച്ചില്ല.

ഉച്ചയ്ക്കു രണ്ടിനു പെരുന്ന വില്ലേജ് ഓഫിസിനു മുന്‍പിലുണ്ടായിരുന്ന കൂറ്റന്‍ പുളിമരം കാറ്റത്തു കടപുഴകി വീണു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണു മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തുകൊണ്ടാണു മരം കാറിനു മുകളിലേക്കു വീണത്.

ഇതോടെ പോസ്റ്റും, ലൈന്‍ കമ്പികളും അടക്കം കാറിനു മുകളിലേക്കു പതിക്കുകയായിരുന്നു. കാറിനുള്ളില്‍ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാല്‍ വലിയ ദുരന്തം വഴിമാറി. മരം റോഡിലേക്കു വീണതിനെ തുടര്‍ന്ന് എം.സി. റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

വൈകിട്ട് 4.20 ന് കനത്ത മഴയെ തുടര്‍ന്നു എം.സി. റോഡില്‍ പെരുന്ന നാട്ടകം ഭാഗത്തു മരം കടപുഴകി റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടു. നാട്ടകം ഗവണ്‍മെന്റ് കോളജ് കോമ്പൗണ്ടില്‍ നിന്നിരുന്ന മരമാണു റോഡിലേകക്കു വീണത്. ഈ സമയം റോഡില്‍ തിരക്കില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

മരം വീണതിനെ തുടര്‍ന്ന് എം.സി റോഡില്‍ മണിക്കൂറോളം ഗതാഗതക്കുരുക്കും ഉണ്ടായി. കോട്ടയം അഗ്‌നിശമന സേനാംഗങ്ങളെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. എം.സി. റോഡില്‍ വെമ്പള്ളിയിലും മരം റോഡിലേക്കു വീണു ഗതാഗതം തടസപ്പെട്ടു.