കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്രവേശനകവാടം തുറക്കാൻ വൈകുന്നു; ടിക്കറ്റെടുക്കാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന് യാത്രക്കാർ

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്രവേശനകവാടം തുറക്കുന്നതു നീളുന്നു. നിർമാണം ഏതാണ്ട് പൂർത്തിയായ കെട്ടിടത്തിൽ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ആരംഭിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമാണ്.

ടിക്കറ്റ് വെൻഡിങ് മെഷീൻ സ്‌ഥാപിച്ച് കെട്ടിടം യാത്രക്കാർക്കായി ഉപയോഗപ്പെടുത്താമെന്ന് ആലോചനയുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടിയായില്ല. മാർച്ച് 31-നു മുമ്പ് കെട്ടിടം തുറക്കാമെന്നായിരുന്നു റെയിൽവേ നിലപാട്.

എന്നാൽ തിരഞ്ഞെടുപ്പ് വന്നതോടെ ഇതു നീണ്ടു. ഉന്നത ഇടപെടൽ ഉണ്ടായാൽ കെട്ടിടം യാത്രക്കാർക്കായി തുറന്നു നൽകാനാകും. ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിൽനിന്ന് എത്തുന്നവർക്ക് നാഗമ്പടം ചുറ്റി സ്‌റ്റേഷന്റെ പ്രധാന കവാടത്തിൽ എത്തുന്നത് ഒഴിവാക്കി എംസി റോഡിൽ നിന്ന് നേരിട്ട് പ്രവേശിക്കാനാണ് രണ്ടാം കവാടം നിർമിക്കുന്നത്.

ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഇവിടെ വന്നാൽ യാത്രക്കാർക്ക് ഗുണമാണ്. രണ്ടാം കവാടത്തിനു സമീപം 150 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.