പത്തനംതിട്ട: 29 ദിവസം പ്രായമായ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ അച്ഛൻ അറസ്റ്റിൽ. അടൂർ ഏഴംകുളം നെടുമൺ പത്മവിലാസം വീട്ടിൽ അനന്തകൃഷ്ണ(26)നെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്.
ബുധനാഴ്ച രാത്രി ഏട്ടിന് അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക്പടിയിലുള്ള വാടക വീട്ടിൽവെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ അനന്തകൃഷ്ണൻ ഭാര്യയുടേയും ഭാര്യാ മാതാവിന്റെയും മുമ്പിൽവെച്ച് കട്ടിലിൽ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയർത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി.
ഇതുകണ്ട് നിലവിളിച്ച കുഞ്ഞിന്റെ അമ്മ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി. തുടർന്ന് വീട്ടുകാർ അടൂർ പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അനന്തകൃഷ്ണനെ പിടികൂടി. ഈ സമയം ഇയാൾ പോലീസിനെ അസഭ്യം വിളിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയുംചെയ്തു. തുടർന്ന് മൽപ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി.
സ്റ്റേഷനിലേക്ക് വരുംവഴിയാണ് അനന്തകൃഷ്ണൻ പോലീസ് ജീപ്പിന്റെ പുറകിലെ ചില്ല് തല വെച്ചും കൈകൊണ്ടും ഇടിച്ചുപൊട്ടിച്ചത്. അനന്തകൃഷ്ണൻ പതിവായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. മുൻപും അനന്തകൃഷ്ണന്റെ ഉപദ്രവം സംബന്ധിച്ച് ഭാര്യയും മാതാപിതാക്കളും അടൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അടൂർ പോലീസ് പറഞ്ഞു.
ഇയാൾക്കെതിരേ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരവും കേസെടുത്തു. കൂടാതെ പോലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്.അടൂർ എസ്.എച്ച്.ഒ. ശ്യാം മുരളി, എസ്.ഐ. ബാലസുബ്രഹ്മണ്യൻ, എസ്.സി.പി.ഒ. ബി. മുജീബ്, സി.പി.ഒ. ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
