മുന്നില്‍ നയിക്കാൻ സുരേഷ് ഗോപിയുണ്ടാകും; ഒപ്പം മോഹൻലാലും മമ്മൂട്ടിയും; അമ്മയുടെ കുടുംബ സംഗമം ജനുവരിയില്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം നടക്കും.

അമ്മയിലെ മുഴുവൻ അംഗങ്ങളുടെയും കുടുംബങ്ങളെ പങ്കെടുപ്പിച്ച്‌ വലിയ പരിപാടി നടത്താനാണ് സംഘടനയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കൂട്ടരാജി സമർപ്പിച്ചതോടെ നിലവിലുള്ള അഡ്‌ഹോക്ക് കമ്മിറ്റിയാവും പരിപാടിക്ക് നേതൃത്വം നല്‍കുക.

കൊച്ചിയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലാകും പരിപാടിയെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സൂപ്പർ താരങ്ങളായ മോഹൻലാല്‍, മമ്മൂട്ടി എന്നിവരുടെ നേതൃത്വത്തിലായിരിക്കും പരിപാടികള്‍.

മെഗാ സ്റ്റേജ്ഷോയുള്‍പ്പടെയുള്ള പരിപാടികള്‍ നടത്തിയേക്കും. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയാണുണ്ടാകുക. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ഓണത്തോട് അനുബന്ധിച്ച്‌ കുടുംബ സംഗമം നടത്താനായിരുന്നു പദ്ധതിയിട്ടത്. എന്നാല്‍ ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ ഭരണസമിതി കൂട്ടരാജി നല്‍കുകയും പരിപാടി റദ്ദാക്കുകയുമായിരുന്നു.