കുടിശിക പെരുകി കോടികള്‍ പിന്നിട്ടു; മരുന്ന് വിതരണം നിറുത്തി കമ്പനികള്‍; ഹൃ‌ദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല; ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു; കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം : കുടിശിക പെരുകിപ്പെരുകി കോടികള്‍ പിന്നിട്ടു, മരുന്ന് കമ്പനികള്‍ വിതരണം നിറുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഏതാനം ദിവസം കൂടി ഈ നില തുടർന്നാല്‍ പാവപ്പെട്ട രോഗികള്‍ ആകെ വലയും.

ഹൃ‌ദ്രോഗ, ക്യാൻസർ വിഭാഗങ്ങളിലടക്കം മരുന്നില്ല. ആരോഗ്യ സുരക്ഷാ പദ്ധതികളും നിലച്ചു. ചികിത്സാ ഉപകരണങ്ങളുമില്ല. ഹൃദ്രോഗ വിഭാഗത്തില്‍ നിന്ന് ഏജൻസികള്‍ ഉപകരണങ്ങള്‍ എടുത്തുകൊണ്ടു പോയി.

ശ്വാസകോശമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തി ആരോഗ്യരംഗത്ത് തലഉയർത്തി നില്‍ക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആശുപത്രിയുടെ സത്പേരിന് കളങ്കം സൃഷ്ടിക്കുന്നത്. 5 ജില്ലകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണിത്. മികച്ച ഡോക്ടർമാരും, മികവുറ്റ സേവനം ലഭ്യമാണെങ്കിലും പണം ഇല്ലാതെ വന്നതോടെ ആശുപത്രി അധികൃതരും കൈമലർത്തുകയാണ്.

ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിംഗ് കൗണ്ടർ പേരിന് മാത്രമാണ്. ഇവിടെ നിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാർക്ക് കൊടുക്കാനുണ്ട്.