തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിർദ്ദേശിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കണം. ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുൻപേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്രോതസുകള്‍ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാല്‍ അവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം. സെക്കൻഡറി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ മഞ്ഞപ്പിത്തം ബാധിച്ചവര്‍ ആറാഴ്ച വിശ്രമിക്കണം.
അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണം. പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണം.
