ആക്രിവാഹനങ്ങൾകൊണ്ട് നിറഞ്ഞ് കോട്ടയം ജനറൽ ആശുപത്രി പരിസരം; വാഹനങ്ങളുടെ ഉൾവശം കാടുകയറി മൂടിയ നിലയിൽ, ഇഴജന്തുക്കളും തെരുവുനായ്ക്കളും തമ്പടിക്കുന്നത് ആക്രി വാഹനങ്ങളിൽ, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ആശുപത്രി പരിസരം കയ്യടക്കുമ്പോൾ പാർക്കിങ്ങിന് ഇടമില്ലാതെ രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും വലയുന്നു

കോട്ടയം: ആരോഗ്യവകുപ്പ് ഉപേക്ഷിച്ച വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി ജനറൽ ആശുപത്രി പരിസരം. ആംബുലൻസും യാത്രാ വാഹനങ്ങളുമടക്കം 20 എണ്ണമാണ് ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചിട്ടിരിക്കുന്നത്.

വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങളെല്ലാം വെയിലും മഴയുമേറ്റു തുരുമ്പെടുത്തു നശിച്ചുതുടങ്ങി. മറ്റു സർക്കാർ വകുപ്പുകൾ കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ വാഹനങ്ങൾ ലേലം ചെയ്തു പണം സർക്കാരിനു കൈമാറി. എന്നാൽ, ആരോഗ്യവകുപ്പ് വാഹനങ്ങൾ ലേലം ചെയ്യാൻ നടപടിയെടുക്കുന്നില്ലെന്നാണു പരാതി.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ഭാഗങ്ങൾ കാണാനില്ലെന്ന ആരോപണവുമുണ്ട്. വാഹനങ്ങളുടെ ഉൾവശത്തടക്കം കാടുകയറി മൂടിയ നിലയിലാണ്. ഇഴജന്തുക്കളും തെരുവുനായ്ക്കളും വാഹനങ്ങളുടെ ഉള്ളിലാണു തമ്പടിക്കുന്നത്. വാഹനങ്ങൾ നീക്കം ചെയ്യാൻ ആശുപത്രി മാനേജിങ് കമ്മിറ്റി കഴിഞ്ഞ വർഷം തീരുമാനിച്ചെങ്കിലും നടപ്പായില്ല.

ജനറൽ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളല്ല ഇതെന്നും നീക്കം ചെയ്യേണ്ടത് ആരോഗ്യവകുപ്പാണെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ആശുപത്രി പരിസരം കയ്യടക്കുമ്പോൾ ആശുപത്രിയിലേക്ക് എത്തുന്നവർക്കു പാർക്കിങ്ങിന് ഇടമില്ല. രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ഡോക്ടർമാരും ആശുപത്രിയുടെ പുറത്തു വാഹനം പാർക്ക് ചെയ്യേണ്ട അവസ്ഥയിലാണ്. വാഹനങ്ങൾ നീക്കം ചെയ്താൽ പാർക്കിങ് ഗ്രൗണ്ടായി ഈ പ്രദേശങ്ങൾ ഉപയോഗിക്കാം. ‌