കറുകച്ചാൽ: ഉരുൾപൊട്ടി നാമാവശേഷമായ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലത്തിന്റെ കരുത്തിനു പിന്നിൽ കറുകച്ചാലിനു സമീപം കണിച്ചുകുളം സ്വദേശിയായ ജവാന്റെയും കരങ്ങൾ. കണിച്ചുകുളം, ചേന്നമറ്റം റോയി വർഗീസ്-സൂസമ്മ ദമ്പതികളുടെ മകൻ നായിക് ക്രിസ്റ്റോ റോയിയുടെ അധ്വാനഫലം കൊണ്ടുകൂടിയാണ് ഒന്നരദിവസം കൊണ്ട് കരുത്തുറ്റ ബെയ്ലി പാലം പൂർത്തിയായത്.
പാലം നിർമിച്ച ബംഗളുരുവിലെ മദ്രാസ് എൻജിനിയർ ഗ്രൂപ്പിലെ (എഇജി ) 144 പേരിൽ ഒരാളായിരുന്നു ക്രിസ്റ്റോ. ടൂൾ എൻജിനിയറിംഗ് സൈനികാംഗമായ ക്രിസ്റ്റോ പ്രമോഷൻ സംബന്ധമായ കോഴ്സിൽ പങ്കെടുക്കുന്നതിനു ഡെറാഡൂണിലെ സൈനിക ക്യാമ്പിൽനിന്ന് ബംഗളൂരുവിൽ എത്തിയപ്പോഴാണ് വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ദുരന്തത്തിൽ പാലങ്ങൾ ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനത്തിന് ബെയ്ലി പാലം നിർമിക്കാൻ സൈന്യത്തോട് നിർദേശിച്ചത്.
അങ്ങനെ ദൗത്യത്തിനു ക്രിസ്റ്റോയും നിയോഗിക്കപ്പെട്ടു. നെടുംകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് പട്ടാളത്തിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയായിരുന്ന ക്രിസ്റ്റോ 2013ൽ പട്ടാളത്തിൽ അംഗമായി.
കാഷ്മീരിലായിരുന്നു ആദ്യ നിയമനം. തുടർന്ന് ഉത്തർപ്രദേശിലും. നെടുംകുന്നം ചേലക്കൊമ്പ് പറത്താനത്ത് അജി ഏബ്രാഹം -സുജ ദമ്പതികളുടെ മകൾ ക്രിസ്റ്റീനയാണ് ക്രിസ്റ്റോയുടെ ജീവിത പങ്കാളി. കിയിര അന്നയാണ് മകൾ. ക്രിസ്റ്റോയുടെ സഹോദരി റോസിന്റെ ഭർത്താവ് സോജനും സൈന്യത്തിലാണ്.
