കൊച്ചി കപ്പല്‍ശാലയിലെ 4,000 കോടിയുടെ വികസനപദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

 

പദ്ധതികള്‍ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കും വികസനക്കുതിപ്പാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സൗഭാഗ്യത്തിന്‍റെ ദിനമാണെന്നും കേരളത്തിന്‍റെ വികസനോത്സവത്തില്‍ പങ്കെടുക്കാൻ അവസരം ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കപ്പല്‍ നിര്‍മാണരംഗത്തും തുറമുഖ രംഗത്തും രാജ്യം വലിയ പുരോഗതി നേടിയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍ പോലും അത് പ്രശംസനീയമായ നേട്ടത്തിലെത്തിച്ചു. ചരക്കുകപ്പലുകള്‍ക്ക് പോര്‍ട്ടില്‍ കാത്തു കിടക്കേണ്ട സാഹചര്യം ഒഴിവായി. പുതിയ പദ്ധതികള്‍ കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയില്‍ നിന്നും മാറ്റമുണ്ടാക്കും. ഷിപ്പ് റിപ്പയറിംഗ് രംഗത്ത് രാജ്യാന്തര തലത്തില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബായി ഇന്ത്യ മാറുകയാണ്. അതിന്‍റെ പ്രധാനപ്പെട്ട പ്രയോജനം കേരളത്തിനു കൂടി ലഭിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഷിപ്പിംഗ് മാരിടൈം രംഗത്തെ ഒരു വലിയ പദ്ധതിയാണ് ഇപ്പോള്‍ ഉദ്ഘാടനം നടത്തുന്നതെന്നും കൂടുതല്‍ പദ്ധതികള്‍ വരുന്നതോടെ രാജ്യാന്തര തലത്തില്‍ പ്രധാനപ്പെട്ട ഒരു മാരിടൈം ഹബ്ബായി കൊച്ചി മാറുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊച്ചി വാട്ടര്‍ മെട്രോക്കായി വെസല്‍ കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ചു. രാജ്യത്തെ മറ്റു നഗരങ്ങള്‍ക്കു വേണ്ടിയും ഷിപ്പ്‌യാര്‍ഡ് മെട്രോ വെസലുകള്‍ നിര്‍മ്മിക്കുകയാണ്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കും. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്‌യാര്‍ഡാണ് കൊച്ചിയിലേത്.

കേന്ദ്ര പരിഷ്കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം കൂടി. തൊഴിലവസരം ഉയര്‍ന്നു. ചരക്കുനീക്കത്തിന്‍റെ വേഗം കൂടി. പുതിയ ഡ്രൈ ഡോക് രാജ്യത്തിന്‍റെ അഭിമാനമാണ്. ഇതിനായി വിദേശത്തേക്ക് പണമൊഴുക്കുന്നത് നിലയ്ക്കും. ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്ബത്തിക ഇടനാഴി വികസനക്കുതിപ്പാകും. മെയ്ക്ക് ഇൻ ഇന്ത്യയില്‍ മെയ്ക്ക് ഇൻ കേരളയുടെ പങ്ക് ചെറുതല്ലെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

 

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന്‍റെ (സിഎസ്‌എല്‍) ഡ്രൈ ഡോക്ക് (എന്‍ഒഡി), കപ്പല്‍ അറ്റകുറ്റപ്പണിയ്ക്കുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്‌ആര്‍എഫ്), ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്‍റെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നീ മൂന്ന് പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മാണം പൂര്‍ത്തിയായത്.

കുറഞ്ഞ പാരിസ്ഥിതിക ആഘാതം, ഉയര്‍ന്ന സുരക്ഷിതത്വം, മികച്ച പ്രവര്‍ത്തന ക്ഷമത എന്നിവയാണ് ഈ ഡ്രൈ ഡോക്കിന്‍റെ പ്രത്യേകതകള്‍. ഇതിന് പുറമെ 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയിട്ടുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് ഈ കേന്ദ്രം സജ്ജമാക്കിയത്. കൊച്ചിയെ ആഗോള കപ്പല്‍ റിപ്പയര്‍ കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.