തുടര്‍ച്ചയായ അപകടങ്ങള്‍; പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന; ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ സ്ഥലം സന്ദര്‍ശിക്കും

പാലക്കാട്: നാല് വിദ്യാർത്ഥിനികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയംപാടത്ത് ഇന്ന് സംയുക്ത സുരക്ഷാ പരിശോധന.

പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, നാഷണല്‍ ഹൈവെ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.
ഇന്നലെ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയില്‍ ചേ൪ന്ന യോഗ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ൪ ഇന്ന് രാവിലെ 11.30 ന് അപകട സ്ഥലം സന്ദ൪ശിക്കും.
റോഡ് നി൪മാണത്തിലെ അപാകത ഉള്‍പ്പെടെ കാര്യങ്ങളില്‍ മന്ത്രി നേരത്തെ തന്നെ വിമ൪ശനമുന്നയിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് സന്ദ൪ശനം. സ്ഥല സന്ദ൪ശനത്തിനു ശേഷം നാല് വിദ്യാ൪ത്ഥിനികളുടെ വീടുകളിലും മന്ത്രിയെത്തും. അപകടം തുട൪ക്കഥയാവുന്ന പനയംപാടത്ത് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. കരിമ്പ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഡിസിസി പ്രസിഡൻ്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.