അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അടുത്തിരിക്കെ, നഗരത്തിലെ ഹോട്ടല്‍ റൂമുകള്‍ക്ക് വന്‍ നിരക്ക് വര്‍ധന.

ലക്നൗ : പല ഹോട്ടലുകളുടേയും നിരക്ക് അഞ്ചിരട്ടിയലധികം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.അയോധ്യയിലെ ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000 രൂപയോളമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. അയോധ്യയില്‍ ഒരു സാധാരണ ഹോട്ടലിലെ ആറ് കിടക്കകളുള്ള മുറിക്ക് 147,500 രൂപയാണ് ബുക്കിങ് സൈറ്റുകളിലെ നിരക്ക്. മറ്റു പല ഹോട്ടലുകളിലെയും നിരക്കും സമാനമാണ്.

സാധാരണയായി രണ്ടായിരത്തില്‍ താഴെ മാത്രം നിരക്ക് ഈടാക്കിയിരുന്ന ഹോട്ടലുകളാണ് ഇവയില്‍ പലതും.ഗോവ, നൈനിറ്റാള്‍ തുടങ്ങി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേതിനേക്കാള്‍ ഏഴുപത് ശതമാനത്തിലധികം ഹോട്ടല്‍ ബുക്കിങ് ആണ് അയോധ്യയില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഓയോ സി.ഇ.ഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.സമീപ നഗരങ്ങളിലെയും ഹോട്ടല്‍ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

ലഖ്‌നൗ, പ്രയാഗ് രാജ്, ഗോരഖ്പുര്‍ എന്നിവിടങ്ങളിലെ ഹോട്ടല്‍ നിരക്കാണ് പ്രധാനമായും വര്‍ദ്ധിച്ചത്. ഉദ്ഘാടന തീയതിക്ക് വളരെ മുമ്ബ് തന്നെ അയോധ്യാ നഗരത്തിലെ പല ഹോട്ടലുകളിലെയും മുറികള്‍ പൂര്‍ണമായും ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് സമീപത്തെ മറ്റു നഗരങ്ങളിലെ ഹോട്ടലുകളിലും നിരക്ക് വര്‍ധനയുണ്ടായത്.

രാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യമാസങ്ങളില്‍ പ്രതിദിനം മൂന്ന് ലക്ഷത്തോളം വിനോദ സഞ്ചാരികളെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി 22-നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം.