എസ്ഐമാർക്ക് പഴയ തിളക്കമില്ല, കേരള പോലീസിൽ കൊഴിഞ്ഞുപോക്ക് കൂടുന്നു, അധികാരവുമില്ല ജോലിഭാരവും, താഴ്ന്ന തസ്തികകളിലേക്കും ക്ലർക്കായും പോലീസിന്റെ മടക്കം

തൃശ്ശൂർ: കാക്കിയണിഞ്ഞ് സമൂഹത്തെ സേവിക്കണമെന്ന ആ​ഗ്രഹത്തിൽ കേരള പോലീസിൽ എത്തിയവർക്ക് കടുത്ത നിരാശ. എസ്ഐ ജോലിയിൽ പ്രവേശിച്ച നിരവധി പേരാണ് കിട്ടിയ ജോലി വേണ്ടെന്ന് വച്ച് പടിയിറങ്ങുന്നത്.

ദിവസം 25 പെറ്റി കേസെങ്കിലും കുറഞ്ഞത് വേണം. രാവിലെ എട്ടിനോ ഒമ്പതിനോ തുടങ്ങുന്ന ജോലി രാത്രി ഒമ്പതായാലും തീരാത്ത സ്ഥിതിയും. അതേസമയം, സ്റ്റേഷന്റെ പൂർണചുമതല ഇല്ലാത്തതിനാല്‍ ജോലിയുടെ തിളക്കം കുറയുകയും ചെയ്തു. ഇതെല്ലാം എസ്ഐ തസ്തികയിൽ എത്തുന്നവരുടെ നിരാശക്ക് കാരണമായി.

അധികാരം കുറയുകയും ജോലിസമ്മർദം കൂടുന്നതുമാണ് നിലവിലെ സാഹചര്യം. കോഴിക്കോട്ട് ജോലിചെയ്തിരുന്ന എസ്.ഐ. തിരുവനന്തപുരം സ്പെഷ്യല്‍ ആംഡ് പോലീസ് ബറ്റാലിയനിലെ ഹവില്‍ദാർ തസ്തികയിലേക്ക് സ്വമേധയാ പോയത് ആഴ്ചകള്‍ക്കു മുമ്പാണ്.

സീനിയർ സി.പി.ഒ.ക്ക് തുല്യമായ തസ്തികയാണ് ഹവില്‍ദാർ. സ്ഥാനക്കയറ്റങ്ങള്‍ ത്യജിച്ചാണ് പഴയ ജോലിയിലേക്ക് ജീവനക്കാരൻ തിരിച്ചുപോയത്. പോക്സോ കേസ് പോലുള്ളവയില്‍ ഇൻസ്പെക്ടറാണ് അന്വേഷണോദ്യോഗസ്ഥനെങ്കിലും എസ്.ഐ.യെ അസിസ്റ്റന്റ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസറായി ചുമതലപ്പെടുത്തും.

ഇതോടെ പണി മുഴുവൻ എസ്.ഐ.യുടെ ചുമലിലാകും. രാഷ്ട്രീയമായും മറ്റുമുള്ള സമ്മർദങ്ങളുമുണ്ടാകും. കൂടാതെ പെറ്റികേസിന്റെയും പട്രോളിങ്ങിന്റെയും പിറകെവരെ ഇവർക്ക് പോകേണ്ടിവരും. ഇതോടെ ജോലിഭാരവും വർധിക്കുന്നു. തൃശ്ശൂർ ജില്ലയിലെ മറ്റൊരു എസ്.ഐ. വിജിലൻസിലെ സീനിയർ ക്ലാർക്കായ സംഭവവും ഉണ്ടായി.

പി.എസ്.സി. പരീക്ഷയില്‍ ക്ലാർക്ക് നിയമനം ലഭിച്ചാലും എസ്.ഐ. തസ്തിക ഒഴിവാക്കിപ്പോകുന്നവർ നിരവധിയാണ്. പി.എസ്.സി. വഴി കിട്ടുന്ന മറ്റെന്തു ജോലിക്കും പോകാമെന്ന തീരുമാനത്തിലാണ് പലരും. പോലീസിലെത്തന്നെ താഴ്ന്ന തസ്തികകളിലേക്ക് മടങ്ങിപ്പോകുന്നവരുമുണ്ട്.

മറ്റു വകുപ്പുകളിലെ ക്ലാർക്ക് ഉള്‍പ്പെടെയുള്ളവയിലേക്കും ഇവർ പോകുന്നു. പരിശീലനത്തിനിടെ എസ്.ഐ. തസ്തിക ഒഴിവാക്കി എക്സൈസ് ഇൻസ്പെക്ടറായി 20 പേരാണ് അടുത്തിടെ പോയത്. പരിശീലനം തുടങ്ങി ആറുമാസത്തിനുശേഷമായിരുന്നു കൊഴിഞ്ഞുപോക്ക്. പോലീസിലെ എസ്.ഐ. തസ്തികയ്ക്കു തുല്യമാണ് എക്സൈസ് ഇൻസ്പെക്ടറെന്നതിനാലാണ് ഇവിടേക്ക് നിരവധിപേരെത്തുന്നത്.

ശമ്പളത്തില്‍ വലിയ വ്യത്യാസവുമില്ല. പുതിയ എക്സൈസ് ഇൻസ്പെക്ടർ പരിശീലനത്തിന് 50 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിലാണ് 20 എസ്.ഐ.മാർ ഉള്‍പ്പെട്ടിട്ടുള്ളത്. മുന്നൂറിലേറെ പേരുള്ള എസ്.ഐ. ബാച്ചില്‍നിന്നാണ് ഇവർ പടിയിറങ്ങിയത്.

പഴയ എസ്.ഐ. തസ്തികപോലെ വിപുലമായ അധികാരങ്ങളുള്ളതാണ് എക്സൈസ് ഇൻസ്പെക്ടർ തസ്തിക. റേഞ്ചിന്റെ ചുമതലയിലാണ് നിയമനം. നാല് പോലീസ് സ്റ്റേഷൻ പരിധി ചേർന്നതാണ് ഒരു റേഞ്ച്.