കോട്ടയം: ചൂടിന് കാഠിന്യമേറിയതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത് മുതലെടുത്ത് കുടിവെള്ളക്കച്ചവടക്കാരുടെ കൊയ്ത്ത് തുടങ്ങി.
ശുദ്ധജലമെന്ന പേരില്‍ പലരും എത്തിക്കുന്നത് പാറക്കുളത്തിലെ വെള്ളമാണ്. സർക്കാർ കുടിവെള്ള പദ്ധതികളുടെ പ്രയോജനം കിട്ടാതായതോടെ സാധാരണക്കാർ കുടിവെള്ളക്കച്ചവടക്കാരെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്.
എന്നാല്‍ ഇവർ എത്തിക്കുന്ന വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ സംവിധാനങ്ങളില്ലാത്തത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഭീതി. ദൂരം കൂടുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ നിരക്കും കൂടും.
മുൻപ് 400 രൂപയ്ക്ക് 4000 ലിറ്റർ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ ഇപ്പോള്‍ 1000 രൂപ നല്‍കണം. മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് 50 രൂപ മുതല്‍ ഈടാക്കാറുണ്ട്.
ആഴ്ചയിലൊരിക്കലെങ്കിലും കുടിവെള്ളം എടുക്കുന്ന ജലസ്രോതസ്സുകള്‍ ക്ലോറിനേഷൻ അണുവിമുക്തമാക്കണം. പലരും ഇത് ചെയ്യുന്നില്ല. വെള്ളം ശേഖരിക്കുന്ന സ്ഥലത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കും വില്പനക്കാരുടെ മേല്‍ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത സാഹചര്യമാണ്. നാട്ടകം, പാക്കില്‍, കീഴ്ക്കുന്ന്,സംക്രാന്തി, തൃക്കൊടിത്താനം, കറുകച്ചാല്‍, നെടുംകുന്നം തുടങ്ങി നിരവധിയിടങ്ങളിലാണ് കുടിവെള്ളം കിട്ടാക്കനി.
