തിരുവനന്തപുരം : ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ 20പേര്‍.പരമാവധി 25പേരെ നിയമിക്കാമെന്നാണ് എല്‍ഡിഎഫിലെ ധാരണ. ഗതാഗത മന്ത്രിയായിരുന്ന ആന്റണി രാജു രണ്ടര വർഷം പൂർത്തിയാക്കിയപ്പോഴാണ് പകരം ഗണേഷ് കുമാർ മന്ത്രിയായത്. ആന്റണി രാജുവിന്റെ സ്റ്റാഫിലുണ്ടായിരുന്ന ഇരുപതോളം പേരെ ഒഴിവാക്കിയാണ് പുതിയ നിയമനം. രണ്ടര വർഷം പൂർത്തിയാക്കിയതിനാല്‍ ഇവർക്കെല്ലാം പെൻഷന് അർഹതയുണ്ട്.
കൊല്ലം സ്വദേശിയായ ഗണേഷ് കുമാർ പേഴ്‌സണല്‍ സ്റ്റാഫായി നിയമിച്ചതില്‍ കൂടുതലും സ്വന്തം ജില്ലയില്‍ നിന്നുള്ളവരെയാണ്. സിപിഎം സംഘടനാ നേതാവ് എ പി രാജീവനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായും, കെഎസ്‌ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ( വിജിലൻസ് ) ജി അനില്‍ കുമാറിനെ അസി. പ്രൈവറ്റ് സെക്രട്ടറിയായും കൊല്ലം സ്വദേശിയായ സുവോളജി അദ്ധ്യാപകൻ രഞ്ജിത്തിനെ അഡി. പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു.
അതേസമയം, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്‌ക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. ചെലവ് ചുരുക്കലിന്റെ ഭാഗമായി പേഴ്‌സണല്‍ സ്റ്റാഫിനെ കുറയ്‌ക്കുമെന്ന് സത്യപ്രതിജ്ഞയ്‌ക്ക് മുമ്ബായി ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാല്‍, മന്ത്രിയായ ശേഷം 24 പേരുടെ പട്ടികയാണ് ഗണേഷ് കുമാർ നല്‍കിയത്. ഇതില്‍ 20പേരെ നിയമിച്ചു. മൂന്നുപേരുടെ നിയമനം കൂടി പൊതുഭരണ വകുപ്പിന്റെ പരിഗണനയിലാണ്. മുൻ മന്ത്രി ആന്റണി രാജുവിന് 23 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണുണ്ടായിരുന്നത്.
