സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണുക. ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. രണ്ടാം റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെ ബൂത്തുകളിലെ വോട്ടുകളും എണ്ണും.
തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. എട്ടുമണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണല്‍ 13 റൗണ്ടുകളിലായാണ് പൂര്‍ത്തിയാക്കുക. ആകെ 20 ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.
14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും അഞ്ചെണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണും ശേഷിക്കുന്ന ഒന്നില്‍ ഇടിബിപിഎസ് വോട്ടുകളുമാണ് എണ്ണുക. അവസാനവട്ട കണക്കുകൂട്ടലുകളും കഴിഞ്ഞ് ഫലമറിയാന്‍ കാത്തിരിക്കുകയാണ് മൂന്നു മുന്നണികളും. പോളിങ്ങില്‍ ഉണ്ടായ കുറവാണ് ഇടതു വലതു മുന്നണികളിലെ പ്രധാന ചർച്ചാവിഷയം. ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
