തിരുവനന്തപുരം: ആദ്യ വിജ്ഞാപനം വന്ന് അഞ്ചുവർഷം കഴിഞ്ഞിട്ടും കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെ.എ.എസ്.) രണ്ടാം വിജ്ഞാപനമായില്ല.
ഒഴിവ് കണ്ടെത്തി റിപ്പോർട്ട് ചെയ്യാത്തതാണ് കാരണം. രണ്ടുവർഷത്തിലൊരിക്കല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമനം നടത്തുമെന്നാണ് ചട്ടത്തില്‍ പറഞ്ഞിട്ടുള്ളത്. മാനദണ്ഡങ്ങള്‍ പുറത്തിറക്കി മൂന്നുമാസം കഴിഞ്ഞിട്ടും കെ.എ.എസ്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടപ്പാക്കാനും സാധിച്ചിട്ടില്ല.
2019 നവംബർ ഒന്നിനാണ് കെ.എ.എസിന്റെ ആദ്യ വിജ്ഞാപനം പി.എസ്.സി. പ്രസിദ്ധീകരിച്ചത്. ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് 108 പേർക്ക് നിയമന ശുപാർശ നല്‍കി.
ഡെപ്യൂട്ടേഷൻ റിസർവായി 40ഓളം ഒഴിവ് കണ്ടെത്തിയെങ്കിലും ഇത് കെ.എ.എസില്‍ ഉള്‍പ്പെടുത്തി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സർവീസ് സംഘടനകളുടെ സമ്മർദമാണ് വിജ്ഞാപനം വൈകാനുള്ള പ്രധാനകാരണം.
ഈ വർഷമെങ്കിലും വിജ്ഞാപനം വന്നില്ലെങ്കില്‍ പ്രായപരിധി പിന്നിടുന്ന വലിയ വിഭാഗത്തിന് കെ.എ.എസിനുള്ള അവസരം നഷ്ടപ്പെടും. നിയമനം കിട്ടിയവർക്ക് ഒരുവർഷമാകുമ്പോള്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ച് സ്ഥലംമാറ്റം നടത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നെന്ന് കെ.എ.എസ്. ഉദ്യോഗസ്ഥർ പറയുന്നു.
2023 ജൂലായ് മൂന്നിനാണ് ആദ്യ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഒരുവർഷവും നാലുമാസവുമായിട്ടും സ്ഥലംമാറ്റത്തിന് നടപടി തുടങ്ങിയില്ല.
