തിളങ്ങുന്ന ചര്‍മം സ്വന്തമാക്കാൻ ‘ഗോഡസ് ഗ്ലോ’ ജ്യൂസ്; വേണ്ടത് അഞ്ച് ചേരുവകള്‍ മാത്രം

കോട്ടയം: തിളങ്ങുന്ന ചർമം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല.

അതിനായി വിലകൂടിയ ക്രീമുകളുടെയും മറ്റും പിന്നാലെ പോകുന്നവരുമുണ്ട്.
എന്നാല്‍ നിങ്ങളുടെ അടുക്കളയിലെ വെറും അഞ്ചേ അഞ്ച് സംഗതികള്‍ ഉപയോഗിച്ച്‌ തിളങ്ങുന്ന ചർമം സ്വന്തമാക്കാമെന്ന് പറഞ്ഞാലോ.

വെല്‍നസ് എക്സ്പേർട്ടും ബ്യൂട്ടി ഓതറുമായ വസുധ റായ് ആണ് ബീറ്റ്റൂട്ട്, കാരറ്റ്, നെല്ലിക്ക, മഞ്ഞള്‍, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കാവുന്ന ഈ ഗോഡസ് ഗ്ലോ ജ്യൂസിന്റെ റെസിപ്പി പങ്കുവെച്ചിട്ടുള്ളത്.

വലിപ്പത്തിന് അനുസരിച്ച്‌ രണ്ടോ മൂന്നോ ബീറ്റ്റൂട്ട്, അഞ്ച് നെല്ലിക്ക, വലിപ്പത്തിന് അനുസരിച്ച്‌ 6-8 കാരറ്റ്, ഒരു ചെറിയ കഷണം മഞ്ഞളും ഇഞ്ചിയും. ഇവ വൃത്തിയാക്കി ജ്യൂസറില്‍ അടിച്ചെടുക്കുകയേ വേണ്ടൂ. മേല്‍പ്പറഞ്ഞ അളവില്‍ ഉണ്ടാക്കുന്നത് രണ്ടുപേർക്ക് കുടിക്കാനുള്ളതുണ്ടാകും. വിറ്റാമിൻ സി കൊണ്ടും ആന്റി ഓക്സിഡന്റുകള്‍കൊണ്ടും സമ്ബുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് ചർമത്തിന്റെ സ്വാഭാവിക തിളക്കത്തെ ഒന്നുകൂടി വർധിപ്പിക്കും.

മാത്രമല്ല, ബീറ്റ്റൂട്ടിന്റെ ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകള്‍, ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
വിറ്റാമിൻ എയാല്‍ സമൃദ്ധമാണ് കാരറ്റ്. ഇത് ചർമകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാൻ സഹായിക്കും. മാത്രമല്ല, ഇത് മൃതകോശങ്ങളെ നീക്കം ചെയ്യാനും കൊളാജൻ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും.

നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ചർമത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. പ്രായംകൂടുന്നതിന്റെ ഭാഗമായുണ്ടാകുന്ന പ്രത്യക്ഷമായ മാറ്റങ്ങളെ ചെറുക്കാൻ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുർകുമിൻ സഹായിക്കും. മുഖക്കുരു ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളെ അകറ്റാനും ഇത് നല്ലതാണ്. ഇഞ്ചിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ചർമത്തിന് പ്രായംകൂടുന്നതിനെ തടയും. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുള്ളതിനാല്‍ ഇത് ആരോഗ്യമുള്ള ചർമത്തിനും നല്ലതാണ്.