എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ഇനി ചെലവേറും; മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി; മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍

ഡൽഹി: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇനി കൂടുതല്‍ തുക നല്‍കേണ്ടി വരും.

മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് ഈടാക്കുന്ന എടിഎം ഇന്റര്‍ചെയ്ഞ്ച് ഫീസ് കൂട്ടുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകള്‍ക്ക് 2 രൂപയുടെയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് ഒരു രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക. മെയ് ഒന്നുമുതലാണ് ഫീസ് വര്‍ധന നടപ്പാക്കുക.

നിലവില്‍ എടിഎം വഴിയുള്ള പണമിടപാടുകള്‍ക്ക് 17 രൂപയാണ് ഇന്റര്‍ചെയ്ഞ്ച് ഫീസ് ഇത് 19 രൂപയായി വര്‍ധിക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള ഫീസ് 6 ല്‍ നിന്ന് ഏഴുരൂപയായി ഉയരും. നിലവില്‍ മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎം അഞ്ചുതവണയും മറ്റ് സ്ഥലങ്ങളില്‍ മൂന്ന് തവണയുമാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക.
ഇതിനുശേഷമുള്ള ഉപയോഗങ്ങള്‍ക്കാണ് ഫീസ് ഈടാക്കിയിരുന്നത്.

വര്‍ധന വരുത്താന്‍ നാഷ്‌നല്‍ പേമെന്റ് കോര്‍പറേഷന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാക്കുന്നത് സംബന്ധിച്ച്‌ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടില്ല. പുതിയ വര്‍ധന നടപ്പാക്കുന്നതിന് മുന്‍പായി ബാങ്കുകള്‍ ആര്‍ബിഐയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ട്.

എടിഎം സേവനം കുറവുള്ള ചെറുകിട ബാങ്കുകളെ പുതിയ നീക്കം സമ്മര്‍ദത്തിലാക്കിയേക്കും. ഫീസ് വര്‍ധന ഒഴിവാക്കുന്നതിനായി ഉപഭോക്താക്കള്‍ സ്വന്തം ബാങ്കുകളുടെ എടിഎം മാത്രം ഉപയോഗിക്കാന്‍ ഇതോടെ നിര്‍ബന്ധിതരാകുന്നതാണ് കാരണം.