ചർമ്മ സംരക്ഷണം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; അതുകൊണ്ട് മുഖം കഴുകുമ്പോള്‍ ആവര്‍ത്തിക്കാതിരിക്കാം ഈ തെറ്റുകള്‍!

കോട്ടയം: ചർമ്മ സംരക്ഷണം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

കൃത്യമായ പരിചരണം നല്‍കേണ്ടത് വളരെ പ്രധാനമാണ്. പ്രായമാകും തോറും ചർമ്മത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഒരു പ്രായത്തിലും വ്യത്യസ്തമായ ചർമ്മ സംരക്ഷണമാണ് ആവശ്യം. ചർമ്മത്തില്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളിലും വളരെയധികം ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനമാണ്. കാരണം ചെറിയൊരു പിഴവ് മതി ചർമ്മത്തിൻ്റെ എല്ലാ സൗന്ദര്യവും നഷ്ടമാകാൻ. അമിതമായി മുഖക്കുരുവും എണ്ണമയവും ഉള്ളവർ കൃത്യമായി ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതും വളരെ പ്രധാനമാണ്. ദിവസവും മുഖം കഴുകുന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നാല്‍ ചുമ്മാ എപ്പോഴും മുഖം കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ ഉണ്ടെന്നറിയാമോ ?

ഇടതടവില്ലാതെ മുഖം കഴുകുന്നത് മുഖത്തെ ചര്‍മം കൂടുതല്‍ വലിയാന്‍ കാരണമാകും. ദിവസവും രാവിലെയും വൈകിട്ടും രണ്ടു നേരം മുഖം കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. പുറത്തുപോയി ഒരുപാട് പൊടിയും അഴുക്കും ഏറ്റെന്ന് തോന്നിയാലോ വര്‍ക്ക്‌ ഔട്ട്‌ ചെയ്ത ശേഷമോ കഴുകുന്നതിലും തെറ്റില്ല.

ചൂടുവെള്ളം ഉപയോഗിച്ച്‌ ഒരിക്കലും മുഖം കഴുകരുത്‌. ഇത് മുഖത്തെ രക്തക്കുഴലുകളെ ചുരുക്കും. ഒപ്പം മുഖത്തു കരിവാളിപ്പും ചുവപ്പ് നിറവും വരുത്താനും സാധ്യതയുണ്ട്.

മുഖം കഴുകിയ ശേഷം ഒരിക്കലും അമര്‍ത്തി തുടയ്ക്കരുത്. പകരം ഉണങ്ങിയ ടവല്‍ കൊണ്ട് ഈര്‍പ്പം ഒപ്പിയെടുക്കാം. ഫേഷ്യല്‍ വൈപ്പുകള്‍ ഒരിക്കലും മുഖം കഴുകുന്നതിനു തുല്യമാകില്ല. പുറത്തുപോകുമ്പോഴോ മറ്റോ വൈപ്പുകള്‍ ഉപയോഗിക്കാം. എന്നാല്‍ വീട്ടിലെത്തിയ ശേഷം മുഖം കഴുകി വൃത്തിയാക്കാം.

മുഖം തുടയ്ക്കുന്ന ടവല്‍ എപ്പോഴും വൃത്തിയുള്ളതാകണം. വൃത്തിയില്ലാത്ത ടവല്‍ അണുക്കളുടെ പ്രിയപ്പെട്ട ഇടമാണ് എന്നതോര്‍ക്കുക. മുഖം തുടയ്ക്കാന്‍ ഏറ്റവും നല്ല തുണിതന്നെ തിരഞ്ഞെടുക്കണം.