കോട്ടയം: ഉഴവൂർ ഒരു നാടിൻ്റെയാകെ കൂട്ടായ്‌മ. അതിനൊപ്പം ചേർന്നു ജനപ്രതിനിധികളും പ്രവാസികളും പള്ളിയും. എല്ലാവരും ഒത്തുചേർന്നു പ്രവർത്തിച്ചപ്പോൾ ഉയർന്നത് രാജ്യാന്തര നിലവാരത്തിലുള്ള ഫ്ലഡ്‌ലിറ്റ് സ്‌റ്റേഡിയം.
മുൻ എംഎൽഎ ഇ.ജെ ലൂക്കോസ് എള്ളങ്കിൽ സ്‌മാരക ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ 1.25 കോടി രൂപ മുടക്കി ഒഎൽഎൽ ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിലാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. സ്‌റ്റേഡിയം, മുൻ രാഷ്ട്രപതി ഡോ. കെ. ആർ നാരായണൻ, സെൻ്റ് സ്‌റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി നിർമാണത്തിനു നേതൃത്വം നൽകിയ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ, മുൻ എംഎൽഎമാരായ ജോസഫ് ചാഴികാടൻ, ഇ.ജെ ലൂക്കോസ് എന്നിവരുടെ അർധകായ പ്രതിമകൾ ഇവയുടെ സമർപ്പണം 6ന് വൈകിട്ട് 5ന് നടക്കും.
മന്ത്രി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. സ്‌റ്റേഡിയം ഉദ്ഘാടനം പി.ജെ ജോസഫ് എംഎൽഎ നിർവഹിക്കും. സ്‌റ്റേഡിയത്തിലെ ഫ്ലഡ് ലിറ്റ് കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. നടപ്പാത ഉദ്ഘാടനം മാണി സി.കാപ്പൻ എംഎൽഎയും സ്റ്റേഡിയം സമർപ്പണം ഫൊറോന വികാരി ഫാ.അലക്സ് ആക്കപ്പറമ്പിലും നിർവഹിക്കും.
ഇട്ടുപ്പ് കത്തനാരുടെ പ്രതിമ വികാരി ജനറൽ ഫാ.തോമസ് ആനിമൂട്ടിലും ഡോ. കെ. ആർ നാരായണന്റെ പ്രതിമ മന്ത്രി പി.പ്രസാദും ജോസഫ് ചാഴികാടൻ പ്രതിമ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഇ.ജെ ലൂക്കോസിന്റെ പ്രതിമ പി.ജെ ജോസഫ് എംഎൽഎയും അനാഛാദനം ചെയ്യും.
കെ.ഫ്രാൻസിസ് ജോർജ് എംപിയുടെ ഫണ്ടിൽ നിന്നു 15 ലക്ഷം രൂപയും മോൻസ് ജോസഫ് എംഎൽഎയുടെ ഫണ്ടിൽ നിന്നു 10 ലക്ഷം രൂപയും നൽകി. കെ.എം ജോസഫ് അഞ്ചക്കുന്നത്ത് മാനേജിങ് ട്രസ്റ്ററ്റി ആയിട്ടുള്ള ട്രസ്‌റ്റിൻ്റെ നേതൃത്വത്തിൽ സ്‌റ്റേഡിയം നിർമാണം വേഗത്തിൽ പൂർത്തിയാക്കി. ഉഴവൂർ പള്ളിയുടെ പ്രവേശന കവാടത്തിന് സമീപം റോഡരികത്ത് പ്രത്യേകം നിർമിച്ച ഗാലറിയിലാണ് അർധകായ പ്രതിമകൾ സ്‌ഥാപിച്ചിരിക്കുന്നത്.
ഹയർ സെക്കൻഡറി സ്‌കൂളിനു മുൻവശത്തെ മൈതാനമാണ് നവീകരിച്ചു സ്റ്റേഡിയമാക്കി മാറ്റിയത്. 3000 പേർക്കു ഇരിപ്പിട സൗകര്യമുള്ള ഗാലറി, വ്യായാമത്തിനുള്ള നടപ്പാത, ഫ്ലഡ് ലൈറ്റുകൾ, വിഐപി പവലിയൻ, ശുചിമുറി സംവിധാനം തുടങ്ങിയ സൗകര്യങ്ങളോടെ നിർമിച്ച സ്‌റ്റേഡിയം ഫുട്ബോൾ മത്സരങ്ങൾക്കു അനുയോജ്യമാണെന്നു മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.എം തങ്കച്ചൻ, സാബു മാത്യു, സൈമൺ ലൂക്കോസ് എന്നിവർ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നാഗർകോവിൽ നൈറ്റ് ബേർഡ്‌സ് അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
