കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പ്; ഇരയായി മരണപ്പെട്ട ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച് സുരേഷ് ഗോപി; കുടുംബത്തിന്റെ കടംവീട്ടും; അമ്മയുടെ ചികിത്സ ഏറ്റെടുക്കുമെന്നും നടൻ

സ്വന്തം ലേഖകൻ

തൃശൂർ : കരുവന്നൂര്‍ സഹകരണബാങ്കിലെ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ശശിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച് സുരേഷ് ഗോപി. അംഗപരിമിതനായ നിക്ഷേപകന് ചികിത്സയ്‌ക്ക് ആവശ്യമുള്ള പണം നല്‍കിയില്ലെന്ന കുടുംബത്തിന്‍റെ പരാതി സംബന്ധിച്ച വിവാദമായതിന് പിന്നാലെയാണ് സുരേഷ് ഗോപി ശശിയുടെ വീട്ടിലെത്തിയത്. ശശിയുടെ മൂന്നു ലക്ഷത്തിന്‍റെ കടം വീട്ടാമെന്ന് സുരേഷ് ഗോപി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി.

ആറുമാസം കൂടുമ്പോള്‍ അമ്മയ്‌ക്ക് മരുന്ന് എത്തിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കി. കഴിഞ്ഞ മാസം 30നാണ് രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കരുവന്നൂര്‍ കൊളങ്ങാട്ട് ശശി മരണത്തിന് കീഴടങ്ങിയത്. അമ്മയും സഹോദരനും രോഗബാധിതരായതോടെയാണ് ഉണ്ടായിരുന്ന സ്ഥലം വിറ്റ് പണം ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്കിൽ നിന്നും പലിശയിനത്തിൽ ലഭിക്കുന്ന പണം കൊണ്ട് ജിവിക്കാമെന്നായിരുന്നു പ്രതീക്ഷ.

ശശിക്ക് കൈക്കും കാലിനും സ്വാധീനമുണ്ടായിരുന്നില്ല. ഇതിന്‍റെ ചികിത്സ നടക്കുന്നതിനിടെയാണ് രക്തസമ്മർദ്ദം കൂടിയത്. അടിയന്തിര ശസ്ത്രക്രിയക്ക് അഞ്ച് ലക്ഷം വേണ്ടിടത്ത് ബാങ്ക് പല തവണയായി നല്‍കിയത് 1,90,000 രൂപ മാത്രമായിരുന്നു . പതിനാല് ലക്ഷമാണ് ശശിയുടെയും അമ്മയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത്. ഈ പണം തിരികെ കിട്ടിയിരുന്നെങ്കിൽ ചികിത്സ നടത്താമായിരുന്നുവെന്നും കുടുംബം പറഞ്ഞു