തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്.
സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.
ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം.
മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പരിഷ്കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.
