വീടിന് മുൻപില്‍ നിര്‍ത്തിയിട്ട ബൈക്കുമായി കടന്നയാള്‍ പിടിയില്‍; കുടുങ്ങിയത് സിസിടിവി ദൃശ്യത്തിലൂടെ

തിരുവനന്തപുരം: വീടിന് മുൻപില്‍ നിര്‍ത്തിയിട്ട ബൈക്കുമായി കടന്നുകളഞ്ഞയാളെ പിടികൂടി.

വെള്ളറട പുലിയൂര്‍ ശാലയില്‍ വീടിനു മുൻവശത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച കേസിലാണ് മുള്ളിലുവിള സ്വദേശിയായ സന്തോഷിനെ (44) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്.

ദിവസങ്ങള്‍ക്കു മുൻപ് വീടിന് മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കാണ് സന്തോഷ് മോഷ്ടിച്ചത്.

ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായകമായത്. തുടര്‍ന്ന് വെള്ളറട പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

സന്തോഷിനെതിരെ പാറശ്ശാല പൊലീസ് സ്റ്റേഷനിലും സമാനമായ കേസ് നിലവിലുള്ളതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.