മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ; ഉമ്മ വയ്ക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബർത്ത് ഡേ ഇച്ചാക്ക’ എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം ആശംസ പങ്കുവെച്ചിരിക്കുന്നത്

മമ്മൂട്ടിയുടെ എഴുപത്തിമൂന്നാം പിറന്നാളിന് ആശംസകളുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. ദുൽഖറിനും പേരക്കുട്ടി മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പതിവുപോലെ പ്രിയതാരത്തെ നേരിൽക്കണ്ട് പിറന്നാളാശംസകൾ അറിയിക്കാൻ കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. അവരെ താരം നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ​ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലെ തന്റെ ഭാ​ഗങ്ങൾ പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി ചെന്നൈയിലേക്കുപോയത്. പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും. ഇരുപത് ദിവസത്തോളമായിരിക്കും അവധിയാഘോഷമെന്നാണ് റിപ്പോർട്ട്.