ചെന്നൈ: തെന്നിന്ത്യൻ താരം രാശ്മിക മന്ദാന 29-ാം വയസിലും ഫിറ്റ്നസില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത നടിയാണ്.
ഭക്ഷണകാര്യത്തിലും പതിവ് വ്യായാമത്തിലും നടി പ്രത്യേകം ശ്രദ്ധ ചെലുത്താറുണ്ട്. ഏറെക്കുറെ സസ്യാഹാരിയാണ് രാശ്മിക. ഒരു ലിറ്റർ വെള്ളം കുടിച്ചാണ് നടി ദിവസം ആരംഭിക്കുന്നത്.
ദഹനവും ഉപാപചയപ്രവർത്തനവും വർധിപ്പിക്കാൻ സഹായിക്കുന്ന ആപ്പിള്‍ സിഡെർ വിനെഗറും കുടിക്കാറുണ്ട്. 2024 ല്‍ പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാശ്മിക തന്റെ ഡയറ്റിനെക്കുറിച്ച് വെളിപ്പെടുത്തി.
രാവിലെ ഉറക്കം ഉണർന്ന ഉടൻ ഒരു ലിറ്ററോളം വെള്ളം കുടിക്കാറുണ്ടെന്ന് നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ”ഡയറ്റീഷ്യന്റെ നിർദേശപ്രകാരം എല്ലാ ദിവസവും ആപ്പിള്‍ സിഡെർ വിനെഗർ കുടിക്കാറുണ്ട്. വ്യായാമത്തിനുശേഷം മുട്ട കഴിക്കാറുണ്ട്. എന്റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം മുൻപ് അവോക്കാഡോ ടോസ്റ്റായിരുന്നു, പക്ഷേ എന്റെ ഡയറ്റീഷ്യൻ, അത് കഴിക്കാൻ എന്നെ അനുവദിക്കാറില്ല,” നടി പറഞ്ഞു.
ഉച്ചഭക്ഷണത്തിന്, ഞാൻ ഒരു ദക്ഷിണേന്ത്യൻ ഭക്ഷണക്കാരിയാണ്. പക്ഷേ ചോറ് ഒരുപാട് കഴിക്കാറില്ല. എല്ലാ കറികളും ഒരുമിച്ച് ചേർത്താണ് ഞാൻ ചോറ് കഴിക്കാറുള്ളത്. അത്താഴം എപ്പോഴും ലഘുവായിട്ടാണ് കഴിക്കാറുള്ളതെന്ന് രാശ്മിക പറഞ്ഞു.
എല്ലാ ദിവസവും ഡെസർട്ട് കഴിക്കാറുണ്ട്. തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാപ്സിക്കം തുടങ്ങിയ ചില പച്ചക്കറികളോട് തനിക്ക് അലർജിയുണ്ടെന്ന് രാശ്മിക പറഞ്ഞു. മധുരക്കിഴങ്ങ് കഴിക്കാൻ തനിക്കേറെ ഇഷ്ടമാണെന്നും നടി പറഞ്ഞു.
എല്ലാ ദിവസവും താൻ വ്യായാമം ചെയ്യാറുണ്ടെന്നും രാശ്മിക പറഞ്ഞു. ഷൂട്ടിങ് കാരണം വൈകുന്നേരങ്ങളിലാണ് വ്യായാമം ചെയ്യാൻ തനിക്ക് ഇഷ്ടമെന്ന് നടി പറഞ്ഞു.
