രാവിലെ ഓടയിൽ മുൻവശം കുത്തിനിൽക്കുന്ന നിലയിൽ ബൈക്ക്; മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണതായി സംശയം, അഗ്നി രക്ഷാസേനയെത്തി പരിശോധിക്കുന്നതിനിടെ പരാതിയുമായി ബൈക്കുടമ

പള്ളിക്കത്തോട്: മോഷ്ടിച്ച ബൈക്കുമായെത്തിയ ആൾ റോഡരികിലെ കുളത്തിൽ വീണെന്ന സംശയത്തെ തുടർന്നു പോലീസും അഗ്നിരക്ഷാസേനയും പരിശോധന നടത്തി. ചല്ലോലി കുളത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഇളംപള്ളി സ്വദേശി പുല്ലാംങ്കതകിടിയിൽ, പാട്ടത്തിൽ കുട്ടപ്പന്റെ ബൈക്കുമായി പുലർച്ചെ എത്തിയ മോഷ്ടാവാണ് അപകടത്തിൽപെട്ടത്. വാഹനം മോഷ്ടിച്ചു വരുന്നതിനിടെ കുളത്തിനും റോഡിനും ഇടയിലുള്ള ഓടയിൽ വീഴുകയായിരുന്നു.

ഓടയിൽ മുൻവശം കുത്തിനിൽക്കുന്ന നിലയിൽ രാവിലെയാണ് നാട്ടുകാർ വാഹനം കണ്ടത്. ബൈക്ക് യാത്രക്കാരൻ കുളത്തിൽ വീണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. പാമ്പാടിയിൽനിന്ന് അഗ്നി രക്ഷാസേനയെത്തി തിരച്ചിൽ നടത്തിയെങ്കിലും കുളത്തിൽ ആളെ കണ്ടെത്താനായില്ല.

ഇതിനിടെ വാഹന ഉടമ പോലീസിനെ സമീപിച്ചു. ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്നു സ്ഥിരീകരിച്ചത്. അപകടത്തെ തുടർന്നു മോഷ്ടാവ് വാഹനം ഉപേക്ഷിച്ചു കടന്നതാവാമെന്നു പോലീസ് പറയുന്നു.