ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് അടച്ചുപൂട്ടിയ റോഡ് മന്ത്രി വി എൻവാസവൻ തുറന്നുകൊടുത്തു. അടിപ്പാതയുടെ നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി ഭൂഗർഭപാത ഓണത്തിന് തുറക്കുമെന്ന് അറിയിച്ചു.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷിതമായി റോഡ് കടക്കാനുളള മാർഗമെന്ന നിലയിലാണ് അടിപ്പാത നിർമിച്ചത്. ആശുപത്രി സൂപ്രണ്ട് ടി കെജയകുമാർ, മന്ത്രി വി എൻവാസവൻ എന്നിവരാണ് ആശയത്തിനു പിന്നിൽ.
1.30 കോടി രൂപ ചെലവിൽ 18.57 മീറ്റർ നീളവും 5 മീറ്റർ വീതിയും മൂന്നര മീറ്റർ ഉയരവുമാണ് അടിപ്പാതയ്ക്കുള്ളത്. നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ടൈലുകൾ പാകൽ, വൈദ്യുതീകരണം, പെയ്ന്റിങ്, സീലിങ് തുടങ്ങിയ പ്രവൃത്തികളാണ് ബാക്കിയുള്ളത്.
ഭൂഗർഭപാതയിൽ വീൽചെയറുകളിൽ രോഗികളെ കൊണ്ടുപോകുന്നതിനുള്ള സൗകര്യം ഒരുക്കുമെന്നു മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോസ് രാജൻ, ഡിസിഎച്ച് വൈസ് പ്രസിഡന്റ് കെ എൻവേണുഗോപാൽ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അടിപ്പാതയുടെ കോൺക്രീറ്റ് ജോലി പൂർത്തിയായതോടെയാണ് റോഡ് ഗതാഗതത്തിനായി തുറന്നത്. ഭൂഗർഭപാതയുടെ ഇരുവശവും നികത്തി മുകളിൽ സോളിങ് നടത്തി ഉറപ്പിച്ചശേഷമാണ് റോഡ് തുറന്നത്. മഴ മാറിയ ശേഷം ടാറിങ് നടത്തും. റോഡ് അടച്ചപ്പോൾ ബസ് സ്റ്റാൻഡ് വഴിയാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്.
