മെല്‍ബണ്‍ : ഓസ്ട്രേലിയൻ ഓപ്പണില്‍ ചരിത്രം രചിച്ച് ഇന്ത്യയുടെ സുമിത് നാഗല്‍. ലോക 27-ാം നമ്ബര്‍ താരമായ കസഖ്സ്ഥാന്‍റെ അലക്സാണ്ടര്‍ ബബ്ലിക്കിനെ അട്ടിമറിച്ച് രണ്ടാം റൗണ്ടില്‍ കടന്നു.ഓസ്ട്രേലിയൻ ഓപ്പണിന്‍റെ ചരിത്രത്തില്‍ 1989ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ സീഡ് ചെയ്ത താരത്തെ തോല്‍പിക്കുന്നത്.
രണ്ടുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സുമിത്തിന്‍റെ വിജയം. സ്കോര്‍: 6-4, 6-2, 7-6. മൂന്നാം സെറ്റിന്‍റെ ആദ്യ ആറു ഗെയിമുകളില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടമാണു നടത്തിയത്. ഒടുവില്‍ ടൈ ബ്രേക്കറിലാണു വിജയിയെ തീരുമാനിച്ചത്.
പുരുഷ സിംഗിള്‍സില്‍ ഇതിഹാസ താരം രമേഷ് കൃഷ്ണൻ അഞ്ചു തവണ ഓസ്ട്രേലിയൻ ഓപ്പണിന്‍റെ മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട്. 1983, 1984, 1987, 1988, 1989 എഡിഷനുകളിലായിരുന്നു താരത്തിന്‍റെ പ്രകടനം.1984-ല്‍ വിജയ് അമൃത്‍രാജും 1997, 2000 വര്‍ഷങ്ങളില്‍ ലിയാൻഡര്‍ പേസും 2013-ല്‍ സോംദേവ് ദേവ്‍വര്‍മനും ഓസ്ട്രേലിയൻ ഓപ്പണിന്‍റെ രണ്ടാം റൗണ്ടില്‍ കളിച്ചിട്ടുണ്ട്.ലോക റാങ്കിംഗില്‍ 139-ാം സ്ഥാനത്തുള്ള സുമിത് നാഗല്‍ 2021ലെ ഓസ്ട്രേലിയൻ ഓപ്പണില്‍ ആദ്യറൗണ്ടില്‍തന്നെ പുറത്തായിരുന്നു.
