ന്യൂഡല്‍ഹി: മുംബൈയില്‍ വിമാനയാത്രികര്‍ക്ക് റണ്‍വേയിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സംഭവത്തില്‍ ഇൻഡിഗോ എയര്‍ലൈൻസിനും മുംബൈ വിമാനത്താവളത്തിനും കേന്ദ്രസര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഇരുകക്ഷികളും ഇന്നുതന്നെ മറുപടി നല്കണമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു.
വ്യോമയാന മേഖലയിലെ നിര്‍ണായക ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച രാത്രി മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.ഇൻഡിഗോയും മുംബൈ വിമാനത്താവളവും സ്ഥിതിഗതികള്‍ മുൻകൂട്ടി കാണുന്നതിനും വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഉചിതമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മുൻകൈയെടുത്തില്ലെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ പ്രത്യേക വീഴ്ചകളും മന്ത്രാലയം ചൂണ്ടിക്കാട്ടി.
യാത്രക്കാര്‍ റണ്‍വേയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഈ നടപടി. ഞായറാഴ്ച കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടതിനു പിന്നാലെയായിരുന്നു ഈ കാഴ്ച. സംഭവത്തില്‍ ക്ഷമാപണവുമായി ഇൻഡിഗോ എയര്‍ലൈൻസ് രംഗത്തെത്തിയിരുന്നു.
