കരുനാഗപ്പള്ളി: ഉറ്റവന്റെ തിരോധാനം തീർത്ത ഹൃദയനോവും രോഗം തളർത്തിയ മനസ്സും ശരീരവുമായി ഷീജയുടെ കാത്തിരിപ്പ് നാലാംവർഷത്തിലേക്ക് നീളുന്നു. ആകെയുള്ള നാല് സെന്റ് വസ്തുവും വീടും പണയപ്പെടുത്തി മൂന്നു മക്കളെ പോറ്റാൻ സൗദിയിലെ റിയാദിലേക്ക് വിമാനം കയറിയ കരുനാഗപ്പള്ളി കുലശേഖരപുരം കൊട്ടാരത്തിന്റെ വടക്കതില് അബൂബക്കർ കുഞ്ഞിനെ(60) ക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.
ഒമ്പതുവർഷം മുമ്പ് പാസ്പോർട്ട് പുതുക്കാനായി നാട്ടിലെത്തി പുതിയ ജോലിയിൽ കയറാനായി സൗദിയിലേക്ക് മടങ്ങിയതായിരുന്നു. ഇഖാമ പുതുക്കാത്തതു കാരണം 2019ല് പോലീസ് പിടിയിലായി റിയാദിലെ ജയിലിൽ കഴിയേണ്ടിവന്നു.
ജയിലിൽെവച്ച് പരിചയപ്പെട്ട സൗദിയിലെ പോലീസ് ഉദ്യോഗസ്ഥൻ ഇയാളെ ജയിലിൽനിന്ന് മോചിപ്പിച്ച് തന്റെ തോട്ടത്തിലെ ആടുവളർത്തൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടക്കത്തിൽ ഈ സ്പോൺസർ വഴി അയക്കുന്ന ശമ്പളം കൃത്യതയോടെ പോസ്റ്റ് ഓഫിസ് വഴി ഷീജക്ക് ലഭിക്കുമായിരുന്നു.
അതിനിടെ മകളുടെ നിക്കാഹ് കർമത്തിനായി പിതാവിന്റെ അനുവാദം വാങ്ങാൻ വിളിച്ചെങ്കിലും സുഹൃത്തായ ബംഗ്ലാദേശ് സ്വദേശി അബൂബക്കറിനെ കാണാനില്ല എന്ന മറുപടിയാണ് നൽകിയത്. അദ്ദേഹത്തിന്റെ നമ്പറിൽ നിരന്തരമായി വീട്ടുകാർ ബന്ധപ്പെട്ടെങ്കിലും മറുപടി ആവർത്തിക്കുകയായിരുന്നു.
പണമടച്ച രസീത് തേടി പോസ്റ്റ് ഓഫിസിലെത്തിയെങ്കിലും വർഷങ്ങൾ കഴിഞ്ഞതിനാൽ അതും ലഭ്യമായില്ല. പാസ്പോര്ട്ട് രേഖകളോ സ്പോണ്സറുടെ വിവരമോ ഇവരുടെ ആരുടെയും പക്കലില്ല. ഇതിനിടെ അബൂബക്കറിനെ സൗദിയിലേക്ക് കൊണ്ടുപോയ വർക്കല സ്വദേശി ഇടവാ ബാബു എന്നറിയപ്പെടുന്നയാളെ ബന്ധപ്പെട്ടെങ്കിലും ഒരു വിവരവും ലഭ്യമായില്ല.
ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. അബൂബക്കറിന്റെ തിരോധാനത്തെതുടർന്ന് കരുനാഗപ്പള്ളി സി.ഐക്കും റിയാദിലെ സാമൂഹികപ്രവർത്തകനായ ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യൻ എംബസിയിലും പരാതി നൽകിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.
ഇവരുടെ മൂന്നുമക്കളിൽ രണ്ടുപേർ രോഗികളാണ്. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇളയ മകന് സാമ്പത്തിക പരാധീനത കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. വിട്ടുമാറാത്ത ഒട്ടേറെ രോഗങ്ങളാൽ ഷീജയും ഏറെ പ്രയാസത്തിലാണ്.
രണ്ടാമത്തെ തവണ ഭാര്യാസഹോദരിയുടെ വീടും വസ്തുവും പണയപ്പെടുത്തിയാണ് സൗദിയിലേക്ക് പോയത്. ഇതിന് ജപ്തി നോട്ടീസ് വന്നതോടെ സ്വന്തം വീടും വസ്തുവും വിറ്റ് ഈ മൂന്നംഗകുടുംബം ഇപ്പോൾ വാടകവീട്ടിലാണ് താമസം. ഷീജ ഒരു കിടപ്പുരോഗിയെ പരിചരിച്ചുകിട്ടുന്ന വരുമാനത്തിലാണ് ഇപ്പോൾ കുടുംബം പോറ്റുന്നത്.
