ആദിവാസി ഭൂമി കൈയേറ്റം:അഗളി സിവില്‍ സ്റ്റേഷനിലേക്ക് ഏഴിന് മാര്‍ച്ച് നടത്തുമെന്ന് ആദിവാസി – ദലിത് ബഹുജന സംഘടനകളുടെ സംയുക്തസമിതി.

 

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി – സര്‍ക്കാര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഗളി സിവില്‍ സ്റ്റേഷനിലേക്ക് ഏഴിന് മാര്‍ച്ച്‌ നടത്തുമെന്ന് ആദിവാസി – ദലിത് ബഹുജന സംഘടനകളുടെ സംയുക്തസമിതി. സമരം കെ.കെ. രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കാറ്റാടി കമ്ബനിയുടെ ഭൂമി കൈയേറ്റത്തെ സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി തലത്തില്‍ വരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. വിജിലൻസ് റിപ്പോര്‍ട്ടിലും വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി തട്ടിയെടുക്കുന്നവര്‍ക്കെതിരെ പട്ടികജാതി- വര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച്‌ കേസെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടികളൊന്നും സ്വീകരിക്കാതെ ഭൂമാഫിയ സംഘത്തെ സംരക്ഷിക്കുകയാണ് ചെയ്തത്.

കാറ്റാടി ഭൂമി വിവാദകാലത്തെ സര്‍വേ നമ്ബര്‍ 1275 ലടക്കം നിരവധി ഭൂമി കൈമാറ്റങ്ങള്‍ നടന്നുവെന്നാണ് ആദിവാസികളുടെ പരാതി. രജിസ്ട്രാര്‍ ഓഫീസും ലാന്‍റ് ട്രൈബ്യൂണലും റവന്യൂ ഓഫീസുകളിലും പടര്‍ന്നു പന്തലിച്ച വ്യാജരേഖ ലോബി 2010ല്‍ ചീഫ് സെക്രട്ടറി തലത്തില്‍ നടത്തിയ ഉന്നതതല കമ്മിറ്റി റിപ്പോര്‍ട്ടിനെയും വിജിലന്‍സ് റിപ്പോര്‍ട്ടിനെയും നോക്കുകുത്തിയാക്കി പുതിയ കൈയേറ്റങ്ങള്‍ക്ക് കുടപിടിക്കുകയാണ്. 2010ല്‍ സര്‍വേ 1275ല്‍ വനം വകുപ്പ് സംരക്ഷിച്ച 42 ഏക്കര്‍ വനഭൂമിയിലെ മരങ്ങള്‍ ഉള്‍പ്പെടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ തുടച്ചുനീക്കിയെന്ന് ആദിവാസികള്‍ പരാതിയില്‍ പറയുന്നു.

മുൻ മന്ത്രി കെ.ഇ. ഇസ്മായില്‍ 1999ല്‍ പട്ടയം നല്‍കിയ സര്‍വേ നമ്ബര്‍ 1819ലും വ്യാപകമായി കൈയേറ്റം നടക്കുന്നു. നിയമവാഴ്ച ഇല്ലാതായതിനാല്‍ കിഴക്കന്‍ അട്ടപ്പാടിയിലെ ആദിവാസി – സര്‍ക്കാര്‍ ഭൂമി ഏറെ താമസിയാതെ പൂര്‍ണമായും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ കൈയിലെത്തും. ആദിവാസികള്‍ വംശീയമായി തുടച്ചുനീക്കപ്പെടും. കാരണം വ്യാജരേഖാ കൈയേറ്റങ്ങള്‍ ഈ സര്‍വേ നമ്ബറുകളില്‍ മാത്രം ഒതുങ്ങുന്നില്ല.

അതിനാല്‍ നിയമവാഴ്ച ഉറപ്പുവരുത്തുന്നതിനും ആദിവാസി – സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്‌ നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികളായ സുകുമാരന്‍ അട്ടപ്പാടി, ടി.ആര്‍. ചന്ദ്രൻ, സി.എസ്. മുരളി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.