വന്യമൃഗങ്ങൾക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധം; കെണിയിൽപ്പെട്ട് വ്യക്തികൾ മരിച്ചാൽ കൊലക്കുറ്റത്തിന് കേസ്

പാലക്കാട്: വൈദ്യുതി ഉപയോഗിച്ച് വന്യമൃഗങ്ങല്‍ക്ക് കെണിയൊരുക്കുന്നത് നിയമവിരുദ്ധമെന്ന് പോലീസ്. ഇത്തരത്തിൽ കെണിയൊരുക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും വ്യക്തികൾ മരിക്കാൻ ഇടയായാൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

ഇത്തരത്തിൽ വൈദ്യുത കെണി ഒരുക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന പക്ഷം ഇക്കാര്യം പോലീസിനെയോ, വൈദ്യുത വകുപ്പിനേയോ ഉടൻ അറിയിക്കേണ്ടതാണെന്നും പോലീസ് വ്യക്തമാക്കി.

വൈദ്യുത കെണികളിൽ കുടുങ്ങി ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി പാലക്കാട് പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെയും പാലക്കാട് വൈദ്യുത കെണിയിൽ കുടുങ്ങി അച്ഛനും മകനും മരിച്ചിരുന്നു.