‘ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിച്ചു; സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് അതിലൂടെ മുറിവേറ്റത്’; സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

വനിത ബില്ല് പാസ്സാകാത്തതില്‍ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി തുടങ്ങിയ കക്ഷികളുടെ സ്വാർത്ഥത കാരണം ബില്ല് പരാജയപ്പെട്ടു.

ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാർട്ടികള്‍ കൈയ്യടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് ആ കൈയ്യടിയിലൂടെ മുറിവേറ്റത്. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പു നല്‍കില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.

വനിതാ ബില്‍ പാർലമെൻ്റില്‍ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പാർലമെൻ്റില്‍ ബില്ലിൻ്റെ പരാജയം ആഘോഷിച്ചവരെ സ്ത്രീകള്‍ നോക്കി വയ്ക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ എല്ലാം മനസ്സിലാക്കുന്നവരാണ്. വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാർട്ടികള്‍ക്ക് കിട്ടും.

ആരില്‍ നിന്നും ഒന്നും കവരുന്ന നിയമം അല്ല കൊണ്ടു വന്നത്. എല്ലാവർക്കും എന്തെങ്കിലുമൊക്കെ നല്‍കാനാണ് ബില്ലിലൂടെ ശ്രമിച്ചത്. 2029 മുതല്‍ വനിത ബില്ല് നടപ്പാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പകുതി ജനസംഖ്യയുടെ അവകാശം ഉറപ്പാക്കാൻ സത്യസന്ധമായ നീക്കമാണ് നടത്തിയത്.

നാരീശക്തി വന്ദൻ നിയമം കാലഘട്ടത്തിൻ്റെ ആവശ്യമാണ്. എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും മോദി പറഞ്ഞു.