കോട്ടയം: നഗരസഭയിൽ 211 കോടി രൂപ കാണാതായതു വരവുചെലവു കണക്കിലെ പൊരുത്തക്കേടാണെന്ന യുഡിഎഫ് നിലപാടിന് അന്തിമവിജയം. ഇന്റേണൽ വിജിലൻസ്, ഡയറക്ടറേറ്റ് സാമ്പത്തിക വിദഗ്ധർ എന്നിവരുടെ പരിശോധനയ്ക്കും അന്വേഷണ കുറിപ്പുകൾക്കും നൽകിയ മറുപടി നഗരസഭാ സെക്രട്ടറി കൗൺസിൽ യോഗത്തിൽ വായിച്ചതോടെ യുഡിഎഫ് ഉയർത്തിയ വാദങ്ങൾ ശരിയാണെന്ന ഔദ്യോഗിക വിശദീകരണമായി.
എന്നാൽ, സെക്രട്ടറിയുടെ മറുപടി സർക്കാർ അംഗീകരിച്ചാൽ മാത്രമേ ഔദ്യോഗിക രേഖയായി കണക്കാക്കാൻ കഴിയൂ എന്ന ന്യായം പറഞ്ഞ് എൽഡിഎഫ് ആരോപണങ്ങളിൽ നിന്നു തടിയൂരി. എൽഡിഎഫിന്റെ 22 കൗൺസിലർമാർ നൽകിയ 2 പ്രമേയങ്ങൾ ചർച്ച ചെയ്യുന്നതിന് ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗം ബഹളമയമായിരുന്നു. എന്നാൽ, ചർച്ചയാകാമെന്ന നിലപാടിലായിരുന്നു യുഡിഎഫ്.
211 കോടിയുടെ ക്രമക്കേട് ഇന്റേണൽ വിജിലൻസ് കണ്ടെത്തിയതും നികുതി– വാടക ഇനത്തിൽ ലഭിക്കേണ്ട വിവരങ്ങൾ ചേർക്കാതെ കാഷ് ബുക്കിൽ 2 കോടിയുടെ കുറവു കാണാനിടയായതും സംബന്ധിച്ചായിരുന്നു പ്രമേയങ്ങൾ. സിപിഎം കൗൺസിലർ ഷീജ അനിലാണ് ആദ്യത്തെ പ്രമേയം അവതരിപ്പിച്ചത്. സിപിഐ കൗൺസിലർ എൻ.എൻ.വിനോദ് അനുവാദകനുമായിരുന്നു.
എന്നാൽ, അവതാരകനായ സിപിഎം കൗൺസിലർ ജിബി ജോൺ ഹാജരാകാത്തതിനെ തുടർന്നു രണ്ടാമത്തെ പ്രമേയം തള്ളണമെന്ന ഉപാധ്യക്ഷൻ ബി.ഗോപകുമാറിന്റെ ആവശ്യം അംഗീകരിച്ചു. പ്രമേയങ്ങൾ ചർച്ച ചെയ്തു വോട്ടെടുപ്പു നടത്തണമെന്നായിരുന്നു എൽഡിഎഫിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു തുടർച്ചയായി 3 കൗൺസിൽ യോഗങ്ങൾ മുൻപ് അലങ്കോലമാക്കിയതിനും തെറ്റായ പ്രചാരണം നടത്തിയതിനും എൽഡിഎഫ് മാപ്പ് പറയണമെന്നു യുഡിഎഫ് കക്ഷി നേതാവ് എം.പി.സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
ആദ്യത്തെ പ്രമേയം ചർച്ച ചെയ്യുന്നതിനു മുൻപ് അന്വേഷണങ്ങൾക്കു സെക്രട്ടറി രേഖാമൂലം നൽകിയ മറുപടി കൗൺസിൽ വായിക്കണമെന്നു യുഡിഎഫ് ആവശ്യപ്പെട്ടു. 17 അന്വേഷണക്കുറിപ്പുകളിൽ ഏഴാമത്തെ മറുപടിയിൽ 172 കോടി രൂപ ഒരു ദിവസത്തെ വരുമാനമായി തെറ്റായി വരവു വച്ചെന്നും ഇതുപോലെ മറ്റു കണക്കുകളിലും പിശകു വന്നിട്ടുണ്ടെന്നും സെക്രട്ടറി ബി.അനിൽകുമാർ വിശദീകരിച്ചു.
വരവുചെലവ് കണക്കുകൾ ബാങ്കുകളിലെ അക്കൗണ്ടുകളുമായി ക്രമപ്പെടുത്തുന്നതിലെ പിഴവാണെന്നും അതു നഗരസഭയുടെ ആകെയുള്ള സാമ്പത്തികസ്ഥിതിയെ ബാധിക്കില്ലെന്നും സെക്രട്ടറി പറഞ്ഞു. ഇതിനിടെ പ്രമേയം അരമണിക്കൂർ മാത്രമേ ചർച്ച െചയ്യാനാവൂ എന്ന ചട്ടം ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടിയതോടെ അധ്യക്ഷ യോഗം അവസാനിപ്പിക്കുകയായിരുന്നു.
നഗരസഭാ സെക്രട്ടറിയുടെ മറുപടി കൊണ്ടു മാത്രം ആരും കുറ്റവിമുക്തരാകില്ലെന്നു ഷീജ അനിൽ പ്രതികരിച്ചു. കൗൺസിൽ യോഗം നിരന്തരം അലങ്കോലമാക്കിയതിൽ ഇരുമുന്നണികൾക്കും പങ്കുണ്ടെന്നു ബിജെപി കക്ഷി നേതാവ് വിനു ആർ.മോഹൻ കുറ്റപ്പെടുത്തി.
