പൊങ്കലിന് 3000 രൂപ വീതം സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ; 2.20 കോടി പേർക്ക് ലഭിക്കും

ഇത്തവണത്തെ പൊങ്കലിന് 3000 രൂപ സമ്മാനം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സംസ്ഥാനത്തെ 2.20 കോടി റേഷൻ കാർഡ് ഉടമകൾക്കും 3000 രൂപ വീതം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. ഒരു കിലോ വീതം അരിയും പഞ്ചസാരയും കരിമ്പും അടങ്ങുന്ന പൊങ്കൽ കിറ്റിനൊപ്പമാണ് പണം നൽകുക. തമിഴ്നാട്ടിലെ ക്യാംപുകളിൽ കഴിയുന്ന ലങ്കൻ അഭയാർത്ഥികൾക്കും പണം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ആണ് സർക്കാർ പ്രഖ്യാപനം. കഴിഞ്ഞ വർഷം പൊങ്കൽ കിറ്റിനൊപ്പം പണം നൽകിയിരുന്നില്ല. അതിനു മുൻപുള്ള 3 വർഷവും 1000 രൂപ വീതം നൽകിയിരുന്നു.

പൊങ്കൽ സമ്മാന പാക്കേജിനായി 248 കോടി രൂപ അനുവദിച്ചുകൊണ്ട് അടുത്തിടെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിൽ പണം നൽകുന്നതിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. പിന്നീട് മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. പൊങ്കൽ സമ്മാനത്തിന്‍റെ വിതരണോദ്ഘാടനം ജനുവരി 8 ന് നടക്കും. റേഷൻ കടകൾ വഴിയാണ് ജനങ്ങൾക്ക് സമ്മാനം വിതരണം ചെയ്യുക. തിരക്ക് ഒഴിവാക്കാൻ ഓരോ കടയിലും പ്രതിദിനം 400 ഓളം റേഷൻ കാർഡ് ഉടമകൾക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജനുവരി 14നകം പൊങ്കൽ സമ്മാന വിതരണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.