സ്ഥലംമാറ്റം : സ്ത്രീകള്‍ക്കു കുടുംബപരിപാലനത്തില്‍ പ്രധാന പങ്കുണ്ടെന്നതു പരിഗണിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി : സ്ത്രീകള്‍ കുടുംബപരിപാലനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണന്ന കാര്യം സ്ഥലംമാറ്റം നൽകുമ്പോൾ പരിഗണിക്കണമെന്ന് ഹൈക്കോടതി. അനുഭാവപൂര്‍ണമായ മനോഭാവത്തോടെ വേണം ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

പരിചിതമല്ലാത്ത ചുറ്റുപാടുകളിലേക്ക് മാറ്റപ്പെട്ടാല്‍ ജോലിയും ജീവിതവും ഒരേ പോലെ കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ അവര്‍ക്കുണ്ടാകുമെന്നും ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. എറണാകുളം ഉദ്യോഗമണ്ഡല്‍ ഇഎസ്‌ഐ ആശുപത്രിയിലെ രണ്ടു വനിതാ ഡോക്ടര്‍മാരെ കൊല്ലത്തേക്കു സ്ഥലം മാറ്റുന്നതു സംബന്ധിച്ച ഹര്‍ജിയിലാണു കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരില്‍ ഒരാള്‍ക്കു പതിനേഴും ആറും വയസുള്ള ആസ്ത്‌മാ രോഗികളായ മക്കളുണ്ട്. 89 വയസുള്ള അമ്മയ്ക്കു പ്രമേഹവും ഓര്‍മക്കുറവുമുണ്ട്. മറ്റൊരാളുടെ ഭര്‍ത്താവിനു ബംഗളൂരുവിലാണു ജോലി. കുട്ടിക്ക് ഏഴു വയസു മാത്രമാണുള്ളത്. അമ്മയ്ക്കു തലകറക്കമടക്കം അസുഖങ്ങളുള്ളതിനാല്‍ നിരന്തര ജാഗ്രത ആവശ്യമാണ്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാര്യങ്ങള്‍ നോക്കിനടത്തുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്ക് അവഗണിക്കാനാകില്ല. അതിനാല്‍, സ്ഥലം മാറ്റത്തില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി കൊച്ചി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പരിഗണിച്ചു തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു.