തിരുവനന്തപുരം : ജില്ലാ ജയിലില്‍ വച്ച് കന്റോണ്‍മെൻ്റ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.അറസ്റ്റ് ചെയ്ത മൂന്ന് കേസുകളില്‍ റിമാൻഡ് ചെയ്യാൻ രാഹുലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
നേരത്തെ, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി ബന്ധപ്പെട്ട കേസിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രാഹുലിന്റെ ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.അടൂരിലെ വീട്ടില്‍ പുലര്‍ച്ചെയെത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയില്‍ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം രാഹുലിന്റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രാദേശിക പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും തടസങ്ങള്‍ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് എത്തുകയായിരുന്നു.
നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേര്‍ന്ന് അടിച്ചൊതുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഡിസംബര്‍ 20 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎല്‍എമാരായ ഷാഫി പറമ്ബില്‍ രണ്ടാം പ്രതിയും എം വിൻസന്റും മൂന്നാം പ്രതികയുമാണ്.
എന്നാല്‍ ഇവരെയൊന്നും അറസ്റ്റ് ചെയ്യാതെയാണ് നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പൊലീസ് നടപടി സ്വീകരിച്ചത്.അനുമതിയില്ലാത്ത സമരം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.
