ന്യായവിലയ്ക്ക് പച്ചക്കറി എത്തിക്കേണ്ട ഹോര്‍ട്ടികോര്‍പ്പിനെ കൊല്ലാക്കൊല ചെയ്‌ത് സര്‍ക്കാര്‍: ലക്ഷങ്ങളുടെ കിട്ടാക്കടം

ആലപ്പുഴ: ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് പച്ചക്കറി എത്തിക്കേണ്ട ഹോര്‍ട്ടികോര്‍പ്പിനെ കൊല്ലാക്കൊല ചെയ്‌ത് സര്‍ക്കാര്‍.

പ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ പച്ചക്കറി വിതരണം ചെയ്‌തത് ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ കിട്ടാക്കടമായതോടെ, പച്ചക്കറി വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള കാശും ജീവനക്കാരുടെ ശമ്പളവും ഉള്‍പ്പടെ കുടിശികയായി.

ഹോര്‍ട്ടി കോര്‍പ്പ് നേരിട്ട് നടത്തുന്ന സ്റ്റാളുകളിലെയും ഗോഡൗണുകളിലെയും ജില്ലാ ഓഫീസിലെയും ദിവസവേതനക്കാരായ കരാര്‍ ജീവനക്കാരാണ് ഹോര്‍ട്ടികോര്‍പ്പിന്റെ കിട്ടാക്കടത്തില്‍ കഷ്ടത്തിലായത്.

ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെ ഇക്കഴിഞ്ഞ കാലവര്‍ഷകാലത്ത് ദുരിതാശ്വാസ ക്യാമ്ബിലായിരുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറിയെത്തിച്ച വകയില്‍ 11ലക്ഷം രൂപയാണ് ഹോര്‍ട്ടികോ‌ര്‍പ്പിന് കിട്ടാനുള്ളത്.