കോട്ടയം: തണുപ്പുകാലത്ത് ആണ്‍-പെണ്‍ ഭേദമില്ലാതെ കൂടുതല്‍ പേരും നേരിടുന്ന ഒരു പ്രശ്‌നമാണ് ചര്‍മ്മത്തിന്റെ വരള്‍ച്ച.
അതിന്റെ തീവ്രത പലരിലും ഏറിയും കുറഞ്ഞും ഇരിക്കും.
അന്തരീക്ഷത്തിലെ പൊടിയും എസിയില്‍ ദീര്‍ഘ നേരം ഇരിക്കുന്നതും ഒക്കെ ചര്‍മം വരളുന്നതിന് കാരണങ്ങളാണ്. ഇത് ചൊറിച്ചിലിനും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഒക്കെ കാരണമാകാറുണ്ട്.
തണുപ്പുകാലത്ത് വരണ്ട ചര്‍മം ഒഴിവാക്കാന്‍ ചെറു ചൂടുവെള്ളത്തിലുള്ള കുളിയാണ് ഏറ്റവും നല്ലത്. ഈ സമയത്ത് ചര്‍മ്മ സംരക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് നല്ലതാണ്.
ശൈത്യകാലത്ത് ബോഡി ഓയില്‍, കട്ടിയുള്ള മോയ്‌സ്ചറൈസിങ് ക്രീമുകള്‍, നിലവാരമുള്ള ക്ലെന്‍സറുകള്‍ തുടങ്ങി ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുക. കുളിച്ച ഉടനെ ചര്‍മത്തിന്റെ നനവ് ഒപ്പിയെടുക്കുക. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താനായി ഒരു ബോഡി ഓയില്‍ പുരട്ടുക. തുടര്‍ന്ന് കട്ടിയുള്ള മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കുക. ബോഡി ഓയിലും ക്രീമും ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ജലാംശവും മൃദുത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ദീര്‍ഘ സമയമെടുത്ത് കുളിക്കുന്നത് ഒഴിവാക്കണം. ഇത് ചര്‍മ്മത്തിലെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടുത്തും. ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. അഞ്ച് മിനിറ്റ് കൊണ്ട് കുളിച്ചിറങ്ങുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ ശരീരത്തില്‍ ടൗവല്‍ കൊണ്ട് ഉരസുകയും ചെയ്യരുത്. നനവ് ഒപ്പിയെടുക്കുക മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ടൗവല്‍ കൊണ്ട് തിരുമ്മുന്നത് ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടാനും വരള്‍ച്ചയ്ക്കും കാരണമാകും.
കുളിച്ച ഉടനെ തന്നെ മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കുക. കട്ടിയുള്ള ക്രീമാണ് ഏറ്റവും നല്ലത്. ലോഷനുകള്‍ ഒഴിവാക്കണം. പെട്രോളിയം ജെല്ലിയും വെളിച്ചെണ്ണയും ശരീരത്തില്‍ പുരട്ടുന്നത് വളരെ നല്ലതാണ്. രാത്രി മോയിസ്ചറൈസിങ് ക്രീം തേച്ച് ഒരു സോക്‌സ് കിടക്കുന്നത് വരള്‍ച്ച തടയുന്നതിന് നല്ലതാണ്.
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സ്‌ക്രബ് കൊണ്ട് മൃദുവായി ഉരസുക. ബലം പ്രയോഗിച്ച് ചര്‍മ്മത്തില്‍ സ്‌ക്രബ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് തൊലി അടരാന്‍ കാരണമാകും. അതുപോലെ വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക. സോപ്പിലെ രാസവസ്തുക്കള്‍ ചര്‍മത്തിലെ വരള്‍ച്ച വഷളാക്കും. അതിനു പകരം എണ്ണമയമുള്ള ക്ലെന്‍സര്‍ ഉപയോഗിക്കുക.
തണുപ്പുകാലം ആണെങ്കിലും ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തണം. തണുപ്പ് കാലത്ത് മേക്കപ്പ് കൂടുതല്‍ ധരിക്കുന്നതും ഒഴിവാക്കണം. രാത്രി കിടക്കുന്നതിനു മുൻപ് നിര്‍ബന്ധമായും മേക്കപ്പ് ഒഴിവാക്കണം. മുഖത്തെ മേക്കപ്പ്, അന്തരീക്ഷത്തിലെ പൊടി, അഴുക്ക്, മൃതകോശങ്ങള്‍, എണ്ണമയം എന്നിവ ചര്‍മ്മത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്.
