കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം.
ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കടുവ ആക്രമിച്ചു കൊന്നത്.
ശബ്ദം കേട്ട് എത്തിയ വീട്ടുകാർ ബഹളം വച്ചപ്പോള്‍ ആടിനെ ഉപേക്ഷിച്ച് കടുവ പോകുകയായിരുന്നു.
ഇതിനു മുൻപും സമീപ പ്രദേശങ്ങളില്‍ കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. വനം വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന ആരംഭിച്ചു.
അതേ സമയം, വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ മയക്കു വെടി വെച്ച് പിടികൂടാനുള്ള ശ്രമം ഇന്നും തുടരും.
കഴിഞ്ഞ ദിവസം പ്രദേശത്തെ മറ്റൊരു ആടിനെ കൂടി കടുവ ആക്രമിച്ചു കൊന്നിരുന്നു.
മേഖലയില്‍ നാലു കൂടും ക്യാമറകളും സ്ഥാപിച്ചിട്ടും കടുവ ഇപ്പോഴും കാണാമറയത്താണ്. വനം വകുപ്പിന്റെ മയക്കുവെടി സംഘം കടുവയ്ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
