മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ബക്കറ്റിനുള്ളിൽ മരിച്ച നിലയിലും അമ്മയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി; സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് മഞ്ചേരി പോലീസ്

മലപ്പുറം : മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ബക്കറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കുഞ്ഞിന്‍റെ അമ്മയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറം മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്‍പ്പറ്റക്കടുത്ത് ഒളമതിലിലാണ് ദാരുണമായ സംഭവം. ഒളമതിലില്‍ സ്വദേശിനി മിനി (42) ഇവരുടെ മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് എന്നിവരാണ് മരിച്ചത്.

മാവൂരിലാണ് മിനിയുടെ ഭര്‍ത്താവിന്‍റെ വീട്. മിനിയുടെ സ്വന്തം വീട്ടില്‍ വെച്ചാണ് മരണം. വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ്. ആരെയും കുറ്റപ്പെടുത്തേണ്ടെന്നും താൻ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോവുകയാണെന്നുമാണ് കുറിപ്പിലുള്ളതെന്നും പൊലീസ് പറഞ്ഞു.

കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മിനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.