കർണാടക: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. ഗംഗാവാലി നദിയിൽ തീരത്തുനിന്നു 40 മീറ്റർ മാറി 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചതാണു പ്രതീക്ഷ നൽകുന്നത്.
ഈ ഭാഗത്ത് ഇന്നു നാവികസേന തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും. അർജുനു വേണ്ടി ഏഴാം ദിവസം നടത്തിയ തിരച്ചിലിൽ കുടുംബം അതൃപ്തിയറിയിച്ചിരുന്നു.
‘‘വലിയ പ്രതീക്ഷയിലായിരുന്നു ഞങ്ങൾ സൈന്യത്തെ കാത്തിരുന്നത്. എന്നാൽ ഉപകരണങ്ങളില്ലാതെയാണു സൈന്യം എത്തിയത്. ഒരു മനുഷ്യന് ഇത്രയേ വിലയുള്ളൂ. അവിടെ ലോറി ഇല്ലെന്ന് സ്ഥാപിക്കാനാണ് ശ്രമം’’– അർജുന്റെ അമ്മ ഷീല പറഞ്ഞു.
‘‘പ്രതീക്ഷകൾ അസ്തമിക്കുകയാണ്. ഇനിയും സമയം വൈകിക്കരുത്. പുഴയ്ക്കും റോഡിനുമിടയിലുള്ള ഭാഗത്തും തിരച്ചിൽ ഊർജിതമാക്കണം. അവസാനമായി ഒരുവട്ടമെങ്കിലും എനിക്ക് അർജുനെ കാണണം’’–അർജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു.
ജൂലൈ 16ന് രാവിലെ 8.30ന് ആണ് ഷിരൂർ കുന്നിൽനിന്നു റോഡിലേക്കും പുഴയിലേക്കും മണ്ണിടിഞ്ഞത്. കുന്നിടിഞ്ഞുവീണ മണ്ണിനൊപ്പം അർജുനും ലോറിയും പുഴയിലേക്കു വീണിരിക്കാമെന്ന സാധ്യതയിലാണു തിരച്ചിൽ.
25 അടിയിലേറെ ആഴമുള്ള പുഴയിൽ ലോറി മണ്ണുമൂടി കിടപ്പുണ്ടാവാം. പുഴയിൽവീണ ലോറി ഒഴുകിപ്പോകാനുള്ള സാധ്യതയുമുണ്ട്. അപകടത്തിൽപെട്ട പാചകവാതക ടാങ്കർലോറി അപകടസ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാറി പുഴയിൽനിന്നാണു കിട്ടിയത്. അതിശക്തമായ കുത്തൊഴുക്കാണു തിരച്ചിലിനു തടസ്സമാകുന്നത്.
