വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിദ്ധ്യം; മുൻ വര്‍ഷങ്ങളില്‍ കണ്ടെത്തിയ അതേ വൈറസ് തന്നെ; ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ബത്തേരി, മാനന്തവാടി മേഖലകളിലുള്ള വവ്വാലുകളിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
ഐ സി എം ആര്‍ ആണ് ഇക്കാര്യം അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു.

മുൻ വര്‍ഷങ്ങളില്‍ കണ്ടെത്തിയ അതേ വൈറസ് തന്നെയാണ്. ജനിതകമാറ്റം സംഭവിച്ചിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ജാഗ്രതയാണ് വേണ്ടത്.

ഗുരുതരമായ ശ്വാസകോശ രോഗങ്ങളുമായി വരുന്നവരെ പരിചരിക്കുമ്ബോള്‍ നിപ മുൻകരുതലെടുക്കുന്നതിനാവശ്യമായ പരിശീലനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

നാളെ നിപ ‘ഡബിള്‍ ഇൻക്യൂബേഷൻ പിരീഡ് പൂര്‍ത്തിയാകുകയാണ്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ സെപ്തംബര്‍ 12നാണ് നിപ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. മുമ്ബ് രണ്ടു തവണയും നിപയെ പ്രതിരോധിച്ച ജില്ല ഇത്തവണയും ഫലപ്രദമായി പ്രതിരോധിച്ചു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ വിവിധ വകുപ്പുകള്‍ ഒരുമിച്ചാണ് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.