ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണുണ്ടായ അപകടം; പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു.

അഞ്ച് ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് 5 പേർക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല.

നീർക്കടവിലെ മുച്ചിരിയൻ കാവില്‍ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തെങ്ങില്‍ കയറുന്ന ബെപ്പിരിയൻ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയൻ വയനാട്ടുകുലവൻ കാവിലാണ് അപകടം ഉണ്ടായത്.

തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിന് സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച്‌ ആള്‍ക്കൂട്ടത്തിനിടയില്‍ വീഴുകയായിരുന്നു. പന്ത്രണ്ടുകാരൻ ഉള്‍പ്പെടെ അഞ്ച് പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രാചാരത്തിന്‍റെ ഭാഗമായല്ല വെടിക്കെട്ട് നടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.