ദുരന്ത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സൊയാബീനില്‍ നിന്നും ഭക്ഷ്യവിഷബാധ; വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും; മേപ്പാടിയില്‍ റോഡ് ഉപരോധിച്ച്‌ സിപിഎം

മേപ്പാടി: വയനാട് മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്‌ലാറ്റില്‍ കഴിയുന്ന ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ.

രണ്ട് കുട്ടികള്‍ക്കാണ് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് നല്‍കിയ കിറ്റിലെ സൊയാബീന്‍ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം.

നാലിലും ഒന്‍പതിലും പഠിക്കുന്ന കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആരോഗ്യ നില തൃപ്തികരമാണ്.

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം മേപ്പാടിയില്‍ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകള്‍ കുന്നംപറ്റയിലെ ഫ്‌ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.