“അശ്ലീല കമന്റിട്ട കെ ടി ജോർജ് ഞാനല്ല, ജീവിതം തകർക്കരുത്”; ആശുപത്രികിടക്കയിൽ നിന്നും അഭ്യർത്ഥനയുമായി അരുവിക്കര സ്വദേശി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റ് മനുഷ്യസ്നേഹികളുടെയും ഹൃദയം നിറക്കുന്നതായിരുന്നു. എന്നാൽ, അതിനിടയിലും അപരവിദ്വേഷവും അശ്ലീലവും പറഞ്ഞ് ചിലർ രംഗത്തെത്തുകയുമുണ്ടായി.

ഇത്തരക്കാർക്കെതിരെ കർശന നടപടിയുമായി പോലീസ് തന്നെ രംഗത്തുവന്നിട്ടുണ്ട്. പോസ്റ്റിൽ അശ്ലീല കമന്റിട്ട കണ്ണൂർ സ്വദേശി കെ.ടി. ജോർജ് എന്നയാളെ കഴിഞ്ഞ ദിവസം നാട്ടുകാർ കൈകാര്യം ചെയ്തിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത് എടത്തൊട്ടി സ്വദേശിയാണ് കെ ടി. ജോർജ്.

കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്. ഇയാളുടെ ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിന് പിന്നാലെ, മർദ്ദനമേറ്റ് കൈയൊടിഞ്ഞ് കെ ടി ജോർജ് ആശുപത്രിയിൽ കിടക്കുകയാണെന്ന് കാണിച്ച് മറ്റൊരു ചിത്രവും വ്യാപകമായി പ്രചരിച്ചു.

എന്നാൽ, ഈ ചിത്രം അശ്ലീല കമന്റിട്ട കെ ടി ജോർജിന്റേത് അല്ലെന്നും തന്റേതാണെന്നും അറിയിക്കുകയാണ് തിരുവനന്തപുരം അരുവിക്കര മൈലം സ്വദേശി രഞ്ജിത് എന്ന് വിളിക്കുന്ന ജി വിശ്വാസ്. ജൂലൈ 26ന് നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ കൈക്ക് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ് വിശ്വാസ്.

എക്സിബിഷനും തെരുവോരകച്ചവടവും നടത്തിയാണ് വിശ്വാസ് കഴിഞ്ഞിരുന്നത്. താൻ ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ എക്സിബിഷൻ പ്രവർത്തകരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിശ്വാസ് ഇട്ടിരുന്നു. ഈ ഫോട്ടോയാണ് കണ്ണൂരിൽ മർദ്ദനമേറ്റ് കിടക്കുന്ന കെ.ടി. ജോർജിന്റെതെന്ന പേരിൽ പ്രചരിച്ചത്. ഫോട്ടോ വെച്ച് വ്യാപക സൈബർ ആക്രമണവുമുണ്ടായി.