തൃശൂർ: ഐശ്വര്യത്തിന്റെയും സ്നേഹത്തിന്റെയും കാർഷിക സമൃദ്ധിയുടെയും ഒരു വിഷുക്കാലം കൂടി വന്നെത്തിയിരിക്കുന്നു.
ഏറെ പ്രതീക്ഷകളുമായി വിഷുക്കണി കണ്ടുണർന്ന മലയാളികള്‍ ഇന്ന് ആഘോഷത്തിന്റെ തിരക്കിലാണ്. വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തില്‍ പുലർച്ചെ മുതല്‍ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.
രാവിലെ 2.45മുതലായിരുന്നു ക്ഷേത്രത്തില്‍ വിഷുക്കണി ദർശനം.
ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കിയത്. വിഷുക്കണി ദർശനത്തിനായുള്ള ഭക്തരുടെ നീണ്ടനിര ഇന്നലെ വൈകിട്ടോടെ ക്ഷേത്ര സന്നിധിയില്‍ രൂപപ്പെട്ടു. ഓട്ടുരുളിയില്‍ ഉണക്കലരി, നാളികേരം, ചക്ക, മാമ്ബഴം, വെള്ളരി, മുല്ലപ്പൂവ്, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വർണം, പുതുപ്പണം, അലക്കിയ മുണ്ട്, കണിക്കൊന്ന തുടങ്ങിയവയാണ് കണികാണാൻ ഒരുക്കിയിരിക്കുന്നത്.
അലങ്കാരത്തോടെയുള്ള സ്വർണത്തിടമ്ബ് പൊൻപീഠത്തിലും വച്ചിട്ടുണ്ട്. ശ്രീകോവിലിന് പുറത്ത് നമസ്‌കാര മണ്ഡപത്തിലും കണി ഒരുക്കിയിട്ടുണ്ട്.
വിഷുക്കണി ദർശനത്തിനായി ശബരിമലയിലും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ നാല് മണി മുതല്‍ ദർശനം ആരംഭിച്ചു. നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് ആദ്യം അയ്യപ്പസ്വാമിയെയാണ് കണി കാണിച്ചത്.
തുടർന്ന് തീർത്ഥാടകർക്ക് വിഷുക്കണി ദർശനത്തിന് അവസരമൊരുക്കി. തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ, മേല്‍ശാന്തി അരുണ്‍കുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുകൈനീട്ടം നല്‍കി.
